അത്ഭുതത്തിൻ്റെ അടിത്തറ ഇളകിയില്ല; 500 വർഷം മുൻപ് മാതാവ് പ്രത്യക്ഷപ്പെട്ട ചാപ്പലിൻ്റെ ചുമർ ഇന്നും മെക്സിക്കോയിൽ

അത്ഭുതത്തിൻ്റെ അടിത്തറ ഇളകിയില്ല; 500 വർഷം മുൻപ് മാതാവ് പ്രത്യക്ഷപ്പെട്ട ചാപ്പലിൻ്റെ ചുമർ ഇന്നും മെക്സിക്കോയിൽ

മെക്സിക്കോ സിറ്റി: വിശുദ്ധ ജുവാൻ ഡീഗോയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് അഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ആ ചരിത്രപരമായ കൂടിക്കാഴ്ചയുടെ അടിത്തറകൾ ഇന്നും നിലനിൽക്കുന്നു. തീർത്ഥാടകരെ ഭൂതകാലത്തിലേക്കുള്ള ശക്തമായ ബന്ധത്തിലേക്ക് ആകർഷിക്കുന്ന ഒരു രഹസ്യമാണ് ഇത്.

ദശലക്ഷക്കണക്കിന് ആളുകൾ ആധുനികമായ ഗ്വാഡലൂപ്പെ ബസിലിക്കയിലേക്ക് ഒഴുകിയെത്തുമ്പോൾ സംരക്ഷിക്കപ്പെട്ട ഒരു ചെറിയ ചുമർ, ലോകമെമ്പാടും ആദരിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ഉത്ഭവകഥ നിശബ്ദമായി പറയുന്നു.

മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ പ്രചോദനം നൽകുന്ന 'ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ്' (Our Lady of Guadalupe) എന്ന വിശുദ്ധ രൂപത്തിൻ്റെ ഉത്ഭവത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ ചാപ്പലിൻ്റെ ഭാഗങ്ങൾ ഇന്നും നിലനിൽക്കുന്നു. 1531 ലെ അത്ഭുതസംഭവങ്ങളുടെ അടിത്തറയായി കണക്കാക്കാവുന്ന ഈ ചുമരിൻ്റെ സാന്നിധ്യം തീർത്ഥാടകരെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

1531 ഡിസംബർ ഒമ്പത് മുതൽ 12 വരെയാണ് പരിശുദ്ധ കന്യകാമറിയം മെക്സിക്കോയിലെ തദേശീയനായ വി. ജുവാൻ ഡീഗോയ്ക്ക് പ്രത്യക്ഷപ്പെട്ടത്. ഈ ദർശനങ്ങളുടെ ഫലമായി അദേഹത്തിൻ്റെ അങ്കിയിൽ അത്ഭുതകരമായി പതിഞ്ഞ മാതാവിൻ്റെ ചിത്രം പിന്നീട് ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ് എന്നറിയപ്പെട്ടു. മെക്സിക്കൻ ക്രൈസ്തവ വിശ്വാസത്തിൻ്റെ ആണിക്കല്ലാണ് ഗ്വാഡലൂപ്പ് മാതാവിനോടുള്ള ഭക്തി.

അമ്മയുടെ നിർദേശ പ്രകാരം രാജ്യത്തിൻ്റെ ആദ്യത്തെ ആർച്ച് ബിഷപ്പായിരുന്ന ഫ്രയർ ജുവാൻ ഡി സുമരാഗയോട് 'ടെപിയാക് സമതലത്തിൽ' ഒരു ചാപ്പൽ പണിയാൻ ജുവാൻ ഡീഗോ അഭ്യർത്ഥിച്ചു. അവിടെ നിർമ്മിച്ച ഈ ആദ്യ ചാപ്പലിലാണ് മാതാവിൻ്റെ ചിത്രം പതിഞ്ഞ അങ്കി ആദ്യം സൂക്ഷിച്ചത്.

വി. ജുവാൻ ഡീഗോ തൻ്റെ ജീവിതത്തിലെ അടുത്ത 17 വർഷം ഈ ചാപ്പലിനടുത്ത് താമസിച്ചു. 1548 ൽ മരണം വരെയും ഈ അത്ഭുത സംഭവങ്ങൾ വിവരിക്കുന്നതിനും വിശുദ്ധ അങ്കി പരിപാലിക്കുന്നതിനും അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. അന്ന് അദേഹം പണി കഴിപ്പിച്ച ചാപ്പലിൻ്റെ കുറച്ചു ഭാഗങ്ങൾ ഇന്നും വിശ്വാസത്തിൻ്റെ തിരുശേഷിപ്പായി സംരക്ഷിക്കപ്പെടുന്നു.

അഡോബ് (ചെങ്കല്ല്, കളിമണ്ണ് എന്നിവ ചേർന്ന നിർമ്മാണവസ്തു) കൊണ്ടു നിർമ്മിച്ച യഥാർത്ഥ ചാപ്പൽ കാലക്രമേണ പരിഷ്കരിക്കപ്പെട്ടു. വർധിച്ചുവന്ന ഭക്തി കാരണം 1649-ൽ 'ഓൾഡ് പാരിഷ് ചർച്ച് ഓഫ് ദി ഇന്ത്യൻസ്' എന്നറിയപ്പെടുന്ന മറ്റൊരു വലിയ ദേവാലയം നിർമ്മിക്കപ്പെട്ടു.

പുതിയ പള്ളിയുടെ നിർമ്മാണസമയത്ത് ആദ്യത്തെ ചാപ്പലിൻ്റെ ഒരു മതിൽ യാതൊരു കേടുപാടും കൂടാതെ സംരക്ഷിക്കപ്പെട്ടു. 1709 ഏപ്രിലിൽ പുതിയ ബസിലിക്കയിലേക്ക് മാറ്റുന്നതിനു മുൻപ് നൂറിലധികം വർഷക്കാലം മാതാവിൻ്റെ അങ്കി പ്രദർശിപ്പിച്ചിരുന്നത് ഈ ചുമരിൻ്റെ സമീപമായിരുന്നു.

1976 ൽ ആധുനിക ബസിലിക്കയുടെ നിർമ്മാണം പൂർത്തിയായതോടെയാണ് 1649-ൽ നിർമ്മിച്ച കെട്ടിടം 'പഴയ ബസിലിക്ക' എന്നറിയപ്പെടാൻ തുടങ്ങിയത്. ചരിത്രത്തിൻ്റെ ഈ ചുമർ ഗ്വാഡലൂപ്പ് മാതാവിനോടുള്ള ഭക്തിയുടെ ഉറവിടവും മെക്സിക്കൻ ക്രൈസ്തവ സമൂഹത്തിൻ്റെ ഏറ്റവും വലിയ ആത്മീയ നിധിയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.