ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി(എസ്ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ലോക്സഭയില്‍ വാക്പോര്. എസ്ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്.
എസ്ഐആറില്‍ താന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ സംവാദത്തിനായി അദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍ താന്‍ എന്തു പറയണമെന്നത് ആരും കല്‍പിക്കേണ്ടതില്ലെന്നും ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്റു കുടുംബത്തെ ഉന്നമിട്ട് അദേഹം തിരിച്ചടിച്ചു.
എസ്ഐആറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. എസ്ഐആര്‍ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരല്ല.
അതിനാല്‍ ഇതേപ്പറ്റി ചര്‍ച്ച നടത്തുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ ആരാണ് ഉത്തരം നല്‍കുകയെന്നും അമിത് ഷാ ചോദിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടില്ലെന്ന് കാണിക്കാന്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും അദേഹം പറഞ്ഞു.
വോട്ടര്‍പട്ടിക പരിഷ്‌കരണം പുതിയ കാര്യമല്ല. മിക്ക എസ്ഐആറും നടത്തിയത് കോണ്‍ഗ്രസ് ഭരണ കാലത്താണ്. മന്‍മോഹന്‍ സിങിന്റെ ഭരണ കാലത്തും അതു നടന്നിരുന്നു. എന്നാല്‍ അതേ കോണ്‍ഗ്രസ് ഇപ്പോള്‍ എസ്ഐആറിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് കുറ്റപ്പെടുത്തി.
അമിത് ഷായുടെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തു നിന്ന് പലതവണ ഇടപെടലുണ്ടായി. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മന്ത്രിയെ വെല്ലുവിളിച്ചത്. എസ്ഐആറില്‍ തങ്ങള്‍ നടത്തിയ മൂന്ന് പത്രസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. പലപ്പോഴും രാഹുല്‍ ഗാന്ധി ഇടപെട്ടപ്പോള്‍ അമിത് ഷാ ക്ഷുഭിതനാവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.