ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈകിയതില്‍ കേരളത്തിന് സുപ്രീം കോടതിയുടെ കര്‍ശന മുന്നറിയിപ്പ്.
ഈ വര്‍ഷം ക്ഷമിക്കുകയാണ്. 2026 ജനുവരി മുതല്‍ കൃത്യ സമയത്തിനുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ വന്‍ പിഴ ചുമത്തുമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പാലാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ പ്രതിയായ ഹരിപ്രസാദ് വി. നായര്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരള ഹൗസിലെ നിയമ ഓഫീസര്‍ ഒപ്പിട്ട സത്യവാങ്മൂലം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ വൈകി ഫയല്‍ ചെയ്തതിനാല്‍ സത്യവാങ്മൂലം കോടതി രേഖകളില്‍ പ്രതിഫലിച്ചില്ല.
ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത കാര്യം സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇത് കിട്ടിയില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു.
തുടര്‍ന്നാണ് ജനുവരി മുതല്‍ സത്യവാങ്മൂലം വൈകിയാല്‍ വന്‍ പിഴ ചുമത്തുമെന്നാണ് കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. വൈകി ഫയല്‍ ചെയ്യുമ്പോള്‍ പിഴ നല്‍കാന്‍ കൂടി സര്‍ക്കാരുകള്‍ തയ്യാറായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. അബ്ദുള്ള നസീഹ് ആണ് ഹാജരായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.