തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ വിജയം. 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ സുരേഷ് മുട്ടടയിൽ മിന്നും വിജയം സ്വന്തമാക്കിയത്.
25 വർഷമായി എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന വാർഡാണ് മുട്ടട. ഇവിടെ വിജയം സ്വന്തമാക്കിയതിൽ ഏറെ സന്തോഷമെന്ന് വൈഷ്ണ സുരേഷ് പറഞ്ഞു. 'ഇത്രയും വലിയ ലീഡിന് വിജയച്ചതിൽ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഇപ്പോൾ കൂടെ നിന്നതു പോലെ ഇനിയും കൂടെയുണ്ടാകണം. വോട്ട് ചെയ്യാൻ വന്ന പലർക്കും വോട്ടില്ലായിരുന്നുവെന്നും' വൈഷ്ണ പറഞ്ഞു.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ നിന്ന് അഡ്വ. അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ എൽ.വി അജിത് കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. നേരത്തെ സിപിഎം പ്രവർത്തകന്റെ പരാതിക്ക് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് വെട്ടിയിരുന്നു.
ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. വൈഷ്ണയെ സപ്ലിമെന്റെറി വോട്ടർ പട്ടികയിലാണ് പേര് ഉൾപ്പെടുത്തിയത്. വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷൻ ഹിയറിങ്ങിന് വിളിച്ചതും തുടർന്ന് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതും.
മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ നിന്ന് കമ്മീഷൻ ഒഴിവാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.