സര്‍ക്കാരിനെതിരെ പ്രതിപക്ഷമുന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചു; വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്: വി.ഡി സതീശന്‍

സര്‍ക്കാരിനെതിരെ പ്രതിപക്ഷമുന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചു; വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്: വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവാണ് യുഡിഎഫിന്റെ വന്‍ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ് ആണ്.

ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി' - സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ സിപിഎമ്മിന്റെ പ്രീണന നയമാണെന്നും അദേഹം പറഞ്ഞു.

ജനവിധിയെ സിപിഎം വളരെ മോശമായിട്ടാണ് ആക്ഷേപിച്ചിരിക്കുന്നത്. ഭംഗിയായി ശാപ്പാട് കഴിച്ച് ഞങ്ങള്‍ക്കിട്ട് പണി തന്നു എന്നാണ് എം.എം മണി പറഞ്ഞത്. ജനങ്ങളെ പൂര്‍ണമായും അധിക്ഷേപിക്കുകയാണ് ഇവര്‍. സാമ്പത്തികമായി കേരളത്തിന്റെ ഖജനാവിനെ ഊറ്റിയെടുത്ത സര്‍ക്കാരാണിത്.

ക്ഷേമ പരിപാടികള്‍ ആദ്യമായി കൊണ്ടു വന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍. ക്ഷേമ പദ്ധതികളെ അട്ടിമറിച്ച സര്‍ക്കാരാണ് ഇവര്‍. എന്നിട്ടും അവര്‍ക്കെങ്ങനെ ജനഹിതത്തെ നിസാരമായി അപമാനിക്കാന്‍ കഴിയും. ഇത് എം.എം മണിയുടെ മാത്രം അഭിപ്രായമല്ല. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ ഉള്ളിലിരിപ്പും ഇത് തന്നെയാണെന്നും സതീശന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.