മുംബൈ: ചരിത്ര നേട്ടത്തിനരികിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വേണ്ടത് ഒറ്റ ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇരു ടീമുകളും ആദ്യ കിരീടം തേടുന്നതിനാല്‍ വനിതാ ലോകകപ്പിനു പുതിയ ചാംപ്യന്‍ ടീമിനെ കിട്ടും.
നേരത്തെ രണ്ട് തവണ ഫൈനലിലെത്തിയവരാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ഫൈനല്‍ പോരിലെത്തുന്നത്. 2005 ലും 2017 ലുമാണ് ഇന്ത്യ നേരത്തെ ഫൈനല്‍ കളിച്ചത്. 2005 ല്‍ ഓസ്‌ട്രേലിയയോടും 2017ല്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയമേറ്റു വാങ്ങി.
സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയേയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയുമാണ് വീഴ്ത്തിയത്. ഐതിഹാസിക റണ്‍സ് ചെയ്‌സിലൂടെ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ചാണ് ഹര്‍മന്‍പ്രീതും സംഘവും കന്നി ലോക കിരീട്ടത്തിനായി എത്തുന്നത്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പാകിസ്ഥാനേയും ശ്രീലങ്കയേയും വീഴ്ത്തിയ ഇന്ത്യക്ക് പിന്നീട് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളോടു തോല്‍വി നേരിട്ടു. ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലൂടെയാണ് ഇന്ത്യ വിജയ വഴിയില്‍ തിരിച്ചെത്തിയത്. ആ ജയത്തോടെ സെമി ഉറപ്പിച്ച ഇന്ത്യയ്ക്ക് മുന്നില്‍ വീണ്ടും വെല്ലുവിളിയുമായി മൈറ്റി ഓസീസ് തന്നെ വന്നു.
എന്നാല്‍ കടുത്ത ഇന്ത്യന്‍ ആരാധകനെ പോലും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ വനിതകള്‍ കളം വാണതോടെ 7 തവണ കിരീടം നേടിയ ഓസീസ് ആയുധം വച്ചു കീഴടങ്ങി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റണ്‍ ചെയ്‌സിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഫോമില്‍ അല്ലാതിരുന്ന ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിലവിലെ സ്ഥിരതയിലേക്ക് വന്നതാണ് ആശ്വാസം. സ്മൃതി മന്ധാന, ജെമിമ റോഡ്രിഗ്‌സ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ വേണ്ട സമയത്ത് ഫോമിലേക്ക് എത്തിയതാണ് ടീമിനു ആത്മവിശ്വാസം കൂട്ടുന്നത്. ദക്ഷിണാഫ്രിക്കയും മിന്നും ഫോമില്‍ നില്‍ക്കുന്നതിനാല്‍ ഗ്രാന്‍ഡ് ഫിനാലെ തീപാറുമെന്ന് ഉറപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.