സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു

സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മാര്‍പാപ്പയെ ഇന്ത്യയിലേക്ക്  ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുണ്ട്.

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുണ്ട്. മറ്റ് സഭാ മേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി രാജീവ് ചന്ദ്രശേഖര്‍ പിന്നീട് വ്യക്തമാക്കി. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.

ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ചും അവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സേവന നിരതനായി ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി.

എല്ലാം രാഷ്ട്രീയമല്ല, സാമൂഹിക സേവനം കൂടിയാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും മത കണ്ണാടിയിലൂടെ എല്ലാം നോക്കി കാണുന്നവരല്ല തങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും സാമാന്യവല്‍കരിക്കേണ്ടതില്ലെന്നും അദേഹം മറുപടി നല്‍കി.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി സൂചനയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.