ഡാറ്റ എന്‍ട്രി ജോലിക്കായി കംബോഡിയയിലെത്തിയ 5000 ഇന്ത്യക്കാര്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

ഡാറ്റ എന്‍ട്രി ജോലിക്കായി കംബോഡിയയിലെത്തിയ 5000 ഇന്ത്യക്കാര്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ക്ക്‌ ഉപയോഗപ്പെടുത്താനായി 5,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാരെ കംബോഡിയയില്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്. ഡാറ്റ എന്‍ട്രി ജോലിക്കെന്ന പേരില്‍ കൊണ്ടുപോയ ഇന്ത്യക്കാരാണ് സൈബര്‍ തട്ടിപ്പ് റാക്കറ്റിന്റെ കെണിയില്‍ പെട്ടത്. ഈ സംഘം ഇന്ത്യക്കാരെ ഉപയോഗിച്ച് ആറ് മാസത്തിനുള്ളില്‍ 500 കോടി രൂപയുടെ തട്ടിപ്പ് ഇന്ത്യയില്‍ നടത്തിയെന്ന് പൊലീസ് പറയുന്നു. കംബോഡിയയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

'ഏജന്റുമാരുടെ വഞ്ചനയില്‍ അകപ്പെട്ടാണ് ആളുകള്‍ കംബോഡിയയില്‍ കുടുങ്ങിയതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകളെയാണ് ഇത്തരത്തില്‍ കൂടുതല്‍ കംബോഡിയയില്‍ എത്തിച്ചിട്ടുള്ളത്. ഡാറ്റാ എന്‍ട്രി ജോലികള്‍ക്ക് എന്ന വ്യാജേനയാണ് ഏജന്റുമാര്‍ ഇവരെ കയറ്റി അയക്കുന്നത്. എന്നാല്‍ പിന്നീട് ഇവരെ സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിക്കുകയും ബന്ദികള്‍ ആക്കുകയുമായിരുന്നെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംഘങ്ങളെ നിയന്ത്രിക്കുന്നത് ചൈനയില്‍ നിന്നാണെന്നാണ് രക്ഷപ്പെട്ട വന്നവരുടെ മൊഴി. 'പെണ്‍കുട്ടികളുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അക്കൗണ്ടുകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയും ചെയ്യുകയായിരുന്നു ജോലി. നിശ്ചയിച്ച ടാര്‍ഗറ്റ് തികയ്ക്കാനായില്ലെങ്കില്‍ ഭക്ഷണം തരാതിരിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടതോടെയാണ് മൂന്ന് പേരുടെ മോചനം സാധ്യമായത്''- സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപെട്ടവര്‍ പോലീസിനോടു പറഞ്ഞു. തങ്ങള്‍ താമസിച്ചിടത്ത് മാത്രം 200 ഓളം പേര്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കംബോഡിയയിലേക്ക് ആളുകളെ കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന എട്ട് പേരെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30-ന് ഒഡീഷയിലെ റൂര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. 70 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.

വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ചാണ് കംബോഡിയയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജീവ ശ്രമങ്ങള്‍ നടക്കുന്നത്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവ മറ്റ് സുരക്ഷാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.