ന്യൂഡല്‍ഹി: ഇന്ത്യയിലെ ലോക്സഭ തിരഞ്ഞെടുപ്പിന് തുരങ്കം വയ്ക്കാന്‍ ചൈന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ മാത്രമല്ല അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ തകര്‍ക്കാനും ചൈന ഗൂഢാലോചന നടത്തുന്നതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തുന്നു.
തായ്വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൈന അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഒരു ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ഇക്കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സ്ത്രീ ശാക്തീകരണം, സാമൂഹിക വിഷയങ്ങള്‍, കൃഷി-ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങള്‍ എന്നിവ എ.ഐയുമായി എത്തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ലോകത്ത് 64 രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ലോക ജനസംഖ്യയുടെ 49 ശതമാനമാണ് ഈ രജ്യങ്ങളിലുള്ളത്. 2024 ല്‍ തന്നെ നടക്കാന്‍ പോകുന്ന ഈ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളെയെല്ലാം അട്ടിമറിക്കാനാണത്രേ ചൈനയുടെ ശ്രമം. ചൈനീസ് സൈബര്‍ ഗ്രൂപ്പിന്റെ ഒരു ശൃംഖല തന്നെ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എ.ഐ ടൂളുകളാണ് ഇവര്‍ പ്രധാന ആയുധമാക്കി മാറ്റുന്നത്.
'ഇന്ത്യ, അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനും തങ്ങള്‍ക്ക് അനുകൂലമായി ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിക്കുകയാണ്'- മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫേക്ക് ന്യൂസ് തന്നെയാണ് ചൈന പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. എ.ഐ ടൂളുകള്‍ ഉപയോഗിച്ച് രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങളില്‍ സ്ഥനാര്‍ഥികള്‍ പ്രതികരിച്ചാതായി വ്യാജ വീഡിയോ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുകയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയയിലൂടെ അവ പ്രചരിപ്പിക്കുകയുമാണ് ഉദ്ദേശം.
ഇതിലൂടെ സമ്മതിദായകരെ സ്വാധീനിക്കാമെന്നും ചൈന കണക്കുകൂട്ടുന്നു. നിലവില്‍ ഇത്തരം ഭീഷണികള്‍ കുറവാണെങ്കിലും ഭാവിയില്‍ വര്‍ധിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രില്‍ 19 മുതലാണ് ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ജൂണ്‍ നാലിനുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.