മാസപ്പടി കേസ്: സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഇ.ഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

മാസപ്പടി കേസ്:  സിഎംആര്‍എല്‍ എം.ഡി ശശിധരന്‍  കര്‍ത്തയ്ക്ക് ഇ.ഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: സ്വകാര്യ കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എം.ഡി ശശിധരന്‍ കര്‍ത്തയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.

സിഎംആര്‍എല്‍ പ്രതിനിധികള്‍ക്ക് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആരും ഹാജരായില്ല. കാരണവും വ്യക്തമാക്കിയിട്ടില്ല.

അതിനിടെയാണ് കര്‍ത്തയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് തുടരുന്നതിനിടെയാണ് നോട്ടീസ് നല്‍കിയത്.

എക്‌സാലോജിക് സൊലൂഷന്‍സും സ്വകാര്യ കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. നല്‍കാത്ത സേവനത്തിനാണ് സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നാണ് ആരോപണം.

പണം വാങ്ങിയത് ഏതു തരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു പ്രതിനിധികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയത്. സിഎംആര്‍എല്ലുമായുള്ള ദുരൂഹമായ പണമിടപാടുകളില്‍ ഇ.ഡി കേസെടുത്തിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും (എസ്എഫ്ഐഒ) അന്വേഷിക്കുന്നുണ്ട്.

തവണകളിലായി 1.72 കോടി രൂപ സിഎംആര്‍എല്‍ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2016-17 മുതലാണ് എക്സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്.

നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.