ആക്രമണ സംഭവങ്ങൾ പെരുകുന്നു; പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കുരുമുളക് സ്പ്രേ വിൽപ്പന കുതിച്ചുയരുന്നതായി റിപ്പോർട്ട്

ആക്രമണ സംഭവങ്ങൾ പെരുകുന്നു; പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കുരുമുളക് സ്പ്രേ വിൽപ്പന കുതിച്ചുയരുന്നതായി റിപ്പോർട്ട്

സിഡ്നി: രാജ്യത്തെ നടുക്കി അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ വെസ്റ്റേൺ ഓസ്ട്രേലിയയിൽ കുരുമുളക് സ്പ്രേ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോർട്ട്. സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്‌പ്രേ കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കുന്ന കാര്യം പരിഗണിക്കാൻ അധികാരികളോട് ജനങ്ങൾ ആഹ്വാനം ചെയ്തു.

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ മാത്രമാണ് നിലവിൽ കർശനമായ വ്യവസ്ഥകളിൽ ആളുകൾക്ക് മാരകമല്ലാത്ത സ്പ്രേ കൊണ്ടുനടക്കാൻ‌ നിയമം അനുവധിക്കുന്നത്. സിഡ്‌നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിലെ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ആഴ്‌ചയിൽ കുരുമുളക് സ്‌പ്രേ ഉൽപ്പന്നങ്ങളുടെ ആവശ്യം വർധിച്ചതായി വ്യാപാരികൾ പറഞ്ഞെന്ന് ഓസ്ട്രേലിയൻ മാധ്യമമായ എബിസി റിപ്പോർട്ട് ചെയ്യുന്നു.

പെപ്പർ സ്പ്രേ ഒലിയോറെസിൻ കാപ്‌സിക്കം സ്പ്രേ എന്നും അറിയപ്പെടുന്നു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെപ്പർ സ്പ്രേ റീട്ടെയിലർ ജെഫ് റോഡ്‌വെൽ തൻ്റെ വെബ്‌സൈറ്റായ യുആർസേഫിൽ നിന്നുള്ള ഓർഡറുകൾ കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ നാലിരട്ടിയായി വർധിച്ചതായി പറഞ്ഞു. ഓസ്ട്രേലിയയുടെ മറ്റുള്ള ഭാ​ഗങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചെങ്കിലും സ്വീകരിക്കാൻ സാധിച്ചില്ല. എന്തെങ്കിലും ആക്രമം വീണ്ടും സംഭവിച്ചാൽ സ്വയം സുരക്ഷിതരായിരിക്കാൻ ജനം ആ​ഗ്രഹിക്കുന്നതായും അദേഹം പറഞ്ഞു.

പെപ്പർ സ്പ്രേ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ഫെഡറൽ ഗവൺമെൻ്റിന് അനുമതി നൽകാനും സംസ്ഥാനങ്ങൾക്കും ടെറിട്ടറികൾക്കും സ്വയം പ്രതിരോധത്തിനായി അതിൻ്റെ ഉപയോഗം നിയമവിധേയമാക്കാനും 2018 ൽ തന്നെ ആവശ്യം ഉയർന്നിരുന്നു.

മാരകമല്ലാത്തതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ സംരക്ഷണ മാർഗം നൽകുമെന്ന് ഓസ്‌ട്രേലിയൻ പാർട്ടിയുടെ ഫ്രേസർ അന്നിംഗ് വാദിച്ചു. എന്നാൽ ഇത് വ്യാപകമായി ആയുധമാക്കപ്പെടുമെന്ന് മറ്റുള്ളവർ അവകാശപ്പെട്ടു. അതിനാൽ നിർദേശം 46-5 എന്ന നിലയിൽ പരാജയപ്പെട്ടു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ ആയുധ നിയമം 1999 അനുസരിച്ച് "ന്യായമായ കാരണങ്ങൾ" ഉള്ളപ്പോൾ മാത്രമേ നിയമാനുസൃതമായ പ്രതിരോധ ആവശ്യങ്ങൾക്കായി കുരുമുളക് സ്പ്രേ കൊണ്ടുപോകാൻ സാധിക്കു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.