വിവിപാറ്റില്‍ വ്യക്തത തേടി സുപ്രീം കോടതി; ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിക്കണം

വിവിപാറ്റില്‍ വ്യക്തത തേടി സുപ്രീം കോടതി;  ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിക്കണം

ന്യൂഡല്‍ഹി: വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

സുപ്രീം കോടതി വ്യക്തത തേടിയ വിഷയങ്ങള്‍ ഇവയാണ്:

1. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
2. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?
3. ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര ?
4. വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ?
5. ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ?


അതേസമയം ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചനയും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നല്‍കി.

മുഴുവന്‍ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കൃത്രിമവും കാണിക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.