'ഞാന്‍ ജനാധിപത്യത്തിന് എതിരാണ്; കാരണം ഏത് പാര്‍ട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും: നടന്‍ ശ്രീനിവാസന്‍

'ഞാന്‍ ജനാധിപത്യത്തിന് എതിരാണ്; കാരണം ഏത് പാര്‍ട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും:  നടന്‍ ശ്രീനിവാസന്‍

കൊച്ചി: അടിസ്ഥാനപരമായി താന്‍ ജനാധിപത്യത്തിന് എതിരാണന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് തനിക്ക് താല്‍പര്യമില്ലാത്തതെന്നും അദേഹം പറഞ്ഞു.

ഇത് പിണറായി സര്‍ക്കാരിനോ, കേന്ദ്ര സര്‍ക്കാരിനോ, ആര്‍ക്കെതിരെയുള്ള ജനവിധിയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണന്നും ഏത് പാര്‍ട്ടി ജയിച്ചാലും നമുക്കെതിരായിരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ആദ്യമുണ്ടായത് ഗ്രീസിലാണെന്ന് പറയുന്നു. നമ്മളേക്കാളൊക്കെ ബുദ്ധിയുണ്ടെന്ന് പറയുന്ന സോക്രട്ടീസ് അന്ന് ചോദിച്ചത്, ഭരിക്കാന്‍ കഴിവുള്ളവരെ ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു. പക്ഷേ ഈ വോട്ട് ചെയ്യുന്നവര്‍ക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്.

ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവരെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വില കുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. നമ്മുടെ നാട്ടില്‍ വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലതെന്നും സ്വതസിദ്ധമായ തമാശയില്‍ ശ്രീനിവാസന്‍ പറഞ്ഞു. ഭാര്യയ്ക്കൊപ്പം എത്തിയാണ് അദേഹം വോട്ട് രേഖപ്പെടുത്തിയത്.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വ്യക്തിപരമായി തനിക്ക് വലിയ ഇഷ്ടമാണ്. അദേഹത്തിന്റെ പാര്‍ട്ടിയോട് താല്‍പര്യമില്ലെങ്കിലും അദേഹത്തോട് തനിക്ക് താല്‍പര്യമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീനിവാസന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.