സ്ത്രീധനത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; അത് സ്ത്രീയുടെ സമ്പൂര്‍ണ സ്വത്ത്: സുപ്രീം കോടതി

സ്ത്രീധനത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; അത് സ്ത്രീയുടെ സമ്പൂര്‍ണ സ്വത്ത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി.

പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവിന് ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

വിവാഹസമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമ നടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ പിതാവ് ഭര്‍ത്താവിന് രണ്ട് ലക്ഷം രൂപയും നല്‍കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ ഭര്‍ത്താവ് ആഭരണങ്ങള്‍ ഊരി വാങ്ങി സുരക്ഷിതത്വത്തിന്റെ പേരില്‍ ഭര്‍തൃ മാതാവിനെ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന്, മുന്‍കാല സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ തന്റെ സ്വര്‍ണം ഇവര്‍ ദുരുപയോഗം ചെയ്തതായും യുവതി പറയുന്നു.

ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പരാതിക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഈ നഷ്ടം ഭര്‍തൃവീട്ടുകാര്‍ നികത്തണമെന്നും 2011 ല്‍ കുടുംബ കോടതി വിധിച്ചു. എന്നാല്‍, കേസ് കേരള ഹൈക്കോടതിയില്‍ എത്തിയതോടെ കുടുംബ കോടതിയുടെ ഈ ഇളവ് റദ്ദാക്കുകയായിരുന്നു.

ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയത്.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 'സ്ത്രീധന സ്വത്ത്' ഭര്‍ത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി മാറില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഭര്‍ത്താവിന് ഉടമസ്ഥനെന്ന നിലയില്‍ സ്വത്തിന്മേല്‍ അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിവാഹത്തിന് മുന്‍പോ വിവാഹ സമയത്തോ അതിനു ശേഷമോ ഒരു സ്ത്രീക്ക് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രിധന സ്വത്താണ്. അത് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളുമുള്ള സ്ത്രീയുടെ സമ്പൂര്‍ണ സ്വത്താണെന്നും സുപ്രീം കോടതി പറഞ്ഞു. ദുരിത കാലത്ത് ഭര്‍ത്താവ് ഈ സ്വത്തുക്കള്‍ ഉപയോഗിച്ചാലും ഭാര്യക്ക് അത് തിരിച്ചു കൊടുക്കാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

2009 ല്‍ 8.90 ലക്ഷം രൂപയുണ്ടായിരുന്ന 89 പവന്‍ സ്വര്‍ണത്തിന് പകരം പണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ യുവതിക്ക് ആരംഭിക്കാമെന്നും കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.