സമയം അവസാനിച്ചിട്ടും വോട്ടര്‍മാരുടെ നീണ്ടനിര; സമയം കഴിഞ്ഞതോടെ ഗേറ്റുകള്‍ അടച്ചു

 സമയം അവസാനിച്ചിട്ടും വോട്ടര്‍മാരുടെ നീണ്ടനിര; സമയം കഴിഞ്ഞതോടെ ഗേറ്റുകള്‍ അടച്ചു

തിരുവനന്തപുരം: സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയി. പലയിടത്തും നൂറിലധികം വോട്ടര്‍മാരാണ് വരിനില്‍ക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ ഗേറ്റുകള്‍ പൂട്ടി. പോളിംഗ് ബൂത്തില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുന്നുണ്ട്. വൈകിട്ട് ആറ് കഴിഞ്ഞ് വോട്ടര്‍മാര്‍ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളില്‍ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടര്‍മാരാണ് വൈകിയെത്തിയത്.

വടകര മണ്ഡലം ചെരണ്ടത്തൂര്‍ എല്‍പി സ്‌കൂളിലെ 147,148 ബൂത്തുകളില്‍ വന്‍ തിരക്കാണ്. സ്ത്രീകളും കുട്ടികളും അടക്കം 500 ലേറെ പേര്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ആലത്തൂരില്‍ ക്യൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാരെ ബൂത്തിന് അകത്തേക്ക് മാറ്റി. സമയപരിധി അവസാനിച്ചാലും വോട്ടിംഗ് അവസാനിക്കാത്ത സാഹചര്യത്തിലാണ് വോട്ടര്‍മാരെ ബൂത്തിനകത്തേക്ക് മാറ്റിയത്.

വയനാട് ലോക്‌സഭാ മണ്ഡലം ബൂത്ത് നമ്പര്‍ 128 ല്‍ (മുക്കം ചേന്നമംഗലൂര്‍) വോട്ടിങ് യന്ത്രം മന്ദഗതിയിലാണ്. സ്ത്രീകളും മുതിര്‍ന്നവരും അടക്കം വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ഇവിടെയുള്ളത്. രാവിലെ മുതല്‍ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. തൃശൂരില്‍ പല ബൂത്തുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. കേച്ചേരിയില്‍ 200ലധികം ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ചൂണ്ടലില്‍ മൂന്നു ബൂത്തുകളിലും മണലൂരിലെ വിവിധ ബൂത്തുകളിലും തിരക്കാണ്.

ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. പാലക്കാട് അകത്തേത്തറയിലും സ്ഥിതി വ്യത്യസ്തമല്ല. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് പോളിങ് വൈകിപ്പിച്ചെന്ന് പരാതി ഉയരുന്നുണ്ട്.

ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ് നല്‍കി ഗേറ്റടച്ചു. ആലത്തൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ 150ലധികം വോട്ടര്‍മാരുടെ ക്യൂ ഉണ്ട്. ഇവിടെയും പോളിങ് ബൂത്തിലെ ഗേറ്റ് അടച്ചു.
വടകരയിലും വയനാട്ടിലെ ഗ്രാമീണ മേഖലകളിലും നീണ്ട ക്യൂ ആണ്. ഇടുക്കി തൊടുപുഴ കീരികോട് ബൂത്തിലും വോട്ടര്‍മാര്‍ ക്യൂവിലാണ്. നടപടി ക്രമങ്ങള്‍ വൈകുന്നതില്‍ നാട്ടുകാര്‍ പരാതിപ്പെട്ടു. പോളിങ് ബൂത്ത് ക്രമീകരിച്ചതിലെ വീഴ്ചയെന്നും നാട്ടുകാര്‍ ആരോപിച്ചു.

തിരുവനന്തപുരത്തും പോളിങഗ് ബൂത്തുകളുടെ ഗേറ്റ് പൂട്ടി. ആലുവ ബൂത്ത് നമ്പര്‍ 80, മറയൂരിലെ മൂന്ന് ബൂത്തുകള്‍, താനൂര്‍ നിറമരുതൂര്‍ എഎംഎല്‍പി സ്‌കൂള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നീണ്ട നിരയാണ്. താനൂരിലെ പോളിങ് ബൂത്തില്‍ പ്രതിഷേധവും നടന്നു. ഗേറ്റ് അടയ്ക്കും മുമ്പ് ഉള്ളില്‍ കയറിയവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീകാര്യം ലൊയോള കോളജ് ബൂത്തിലും ആറ്റിങ്ങല്‍ മണ്ഡലത്തിലെ കല്ലറ മുതുവിളയിലും പോളിങ് സമയത്തിന് ശേഷവും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.