കെനിയയില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്ന് 42 പേര്‍ മരിച്ചു; വീടുകളും റോഡുകളും ഒലിച്ചുപോയി

കെനിയയില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്ന് 42 പേര്‍ മരിച്ചു; വീടുകളും റോഡുകളും ഒലിച്ചുപോയി

നെയ്റോബി: കനത്ത മഴയെതുടര്‍ന്ന് കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം ഡാം തകര്‍ന്ന് 42 പേര്‍ മരിച്ചു. രാജ്യത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് വന്‍ ദുരന്തമുണ്ടായത്. നകുരു കൗണ്ടിയില്‍ മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. വീടുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു.

ആളുകള്‍ ചെളിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് നകുരു ഗവര്‍ണര്‍ സൂസന്‍ കിഹിക പറഞ്ഞു. അണക്കെട്ട് തകര്‍ന്ന് 42 പേര്‍ മരിച്ചതോടെ കെനിയയില്‍ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. ഇതിനിടെ, കിഴക്കന്‍ കെനിയയിലെ ടാന റിവര്‍ കൗണ്ടിയില്‍ ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 23 പേരെ രക്ഷപ്പെടുത്തിയതായി കെനിയ റെഡ് ക്രോസ് അറിയിച്ചു.

വെള്ളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. 24,000 വീടുകളില്‍ നിന്ന് 130,000ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. പലരും തലസ്ഥാനമായ നെയ്റോബിയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇടക്കാല അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍, സ്ഥിതി ഗുരുതരമായതിനിടെ തുടര്‍ന്ന് വീണ്ടും അവധി പ്രഖ്യാപിക്കുകയായിരുന്നു.

അയല്‍രാജ്യമായ ടാന്‍സാനിയയിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടാന്‍സാനിയയില്‍ 155 പേരാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ബുറുണ്ടിയില്‍ മാസങ്ങളായി തുടരുന്ന മഴയില്‍ 96,000-ത്തോളം ആളുകള്‍ പലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്ര സഭയും സര്‍ക്കാരും അറിയിച്ചു. ഉഗാണ്ടയിലും കനത്ത കൊടുങ്കാറ്റുണ്ടായിട്ടുണ്ട്.

എല്‍ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കന്‍ ആഫ്രിക്കയിലെ കനത്ത മഴക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എല്‍ നിനോ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്കും മറ്റിടങ്ങളില്‍ കനത്ത മഴയ്ക്കും കാരണമാകുന്നു.കഴിഞ്ഞ വര്‍ഷം അവസാനം, കെനിയ, സൊമാലിയ, എത്യോപ്യ എന്നിവിടങ്ങളില്‍ മഴയിലും വെള്ളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു. നിലവിലെ സ്ഥിതി കെനിയയുടെ അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.