നവ-നാസി ഗ്രൂപ്പുകള്‍ പ്രസിദ്ധീകരിച്ച ലഘുലേഖകളിലൊന്ന്
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ തീവ്ര വലതുപക്ഷ തീവ്രവാദത്തിന് വേരോട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളക്കാര്‍ക്കിടയില്‍ വ്യാപകമായി ധനസമാഹരണ ക്യാമ്പെയ്‌നുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വെളുത്ത വംശജരുടെ ആധിപത്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന തീവ്ര വലതുപക്ഷ ആശയത്തിന് പാശ്ചാത്യ രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിക്കുന്നതായുള്ള ആശങ്കകള്‍ക്കിടെയാണ് ഓസ്‌ട്രേലിയയിലും ഇത്തരത്തില്‍ നിഗൂഢമായ നീക്കങ്ങള്‍ നടക്കുന്നത്. 'ദ കൗണ്ടര്‍ എക്‌സ്ട്രിമിസം പ്രോജക്ട്' എന്ന സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഫെഡറല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക ആസ്ഥാനമായുള്ള GiveSendGo എന്ന ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റിലൂടെയാണ്, തീവ്ര വലതുപക്ഷ ആശയങ്ങള്‍ പിന്താങ്ങുന്ന വെള്ളക്കാര്‍ക്കിടയില്‍ ഫണ്ട് സമാഹരണം നടത്തുന്നത്. ഉള്ളടക്കം സംബന്ധിച്ച് യാതൊരു നിയന്ത്രണവുമില്ലാത്ത സമൂഹ മാധ്യമങ്ങെളയാണ് ഇതിന്റെ പ്രചാരണത്തിനായി തീവ്ര വലതു ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതെന്ന് കൗണ്ടര്‍ എക്സ്ട്രിമിസം പ്രോജക്റ്റ് (സിഇപി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തീവ്ര ആശയങ്ങളെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കുന്ന സംഘടനയാണ് സിഇപി.
ഈ വെബ്‌സൈറ്റ് ഉപയോഗിച്ച് ഓസ്ട്രേലിയയിലെ രണ്ട് നിയോ-നാസി അംഗങ്ങള്‍ ക്രൗഡ് ഫണ്ടിങ് നടത്തിയതായി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
'വെളുത്ത വംശജര്‍ മാത്രം താമസിക്കുന്ന ഒരു സമൂഹം' സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡ് വംശജനായ തോമസ് സെവെല്‍ ആയിരക്കണക്കിന് ഡോളറാണ് ഈ സൈറ്റിലൂടെ സമാഹരിച്ചത്. വലതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളിലെ നേതൃശബ്ദമായിട്ടാണ് തോമസ് സെവെലിനെ കാണുന്നത്. അതിവൈകാരികത നിറഞ്ഞ ദേശീയ വാദമാണ് ഇത്തരക്കാരെ നയിക്കുന്നത്. മതം, ജാതി, ദേശം, തൊലിയുടെ നിറം തുടങ്ങിയ കാരണങ്ങളുടെ പേരില്‍ തീവ്ര വലതുപക്ഷ ആശയം ശക്തിപ്പെടുത്താനാണ് തോമസ് സെവെല്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. അതിനാല്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇത്തരം ഗ്രൂപ്പുകളുടെ മേല്‍ നിരീക്ഷണം ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
ഓസ്ട്രേലിയയിലെ തീവ്ര വലതുപക്ഷ സമൂഹത്തിലെ അംഗങ്ങള്‍ നടത്തുന്ന ക്രൗഡ് ഫണ്ടിങ് ശ്രമങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് സിഇപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഇതോടൊപ്പം ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ സുരക്ഷാ റെഗുലേറ്റര്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുകയും അവയിലെ ഉള്ളടക്കം സമൂഹത്തിന് ദോഷകരമല്ലെന്ന് ഉറപ്പാക്കുകയും വേണം. വലതുപക്ഷ തീവ്രവാദികള്‍ നടത്തുന്ന ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കുകയും എല്ലാ നികുതി ബാധ്യതകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുണം. വലതുപക്ഷ തീവ്ര ഗ്രൂപ്പുകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.