ചന്ദ്രന്റെ മറുപുറം തേടി ചൈനീസ് പേടകം ചാങ്ഇ-6 യാത്ര ആരംഭിച്ചു; ഒപ്പം പാകിസ്താന്റെ ആദ്യ ഉപഗ്രഹവും

ചന്ദ്രന്റെ മറുപുറം തേടി ചൈനീസ് പേടകം ചാങ്ഇ-6 യാത്ര ആരംഭിച്ചു;  ഒപ്പം പാകിസ്താന്റെ ആദ്യ ഉപഗ്രഹവും

ബീജിങ്: ചന്ദ്രന്റെ വിദൂര മേഖലയില്‍ നിന്ന് മണ്ണും പാറകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന 'ചാങ് ഇ-6' എന്ന ചാന്ദ്ര പേടകം വിക്ഷേപിച്ചു. ചൈനയിലെ തെക്കന്‍ ഹൈനാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ നിലയത്തില്‍ നിന്നാണ് പേടകം കുതിച്ചുയര്‍ന്നത്. ഈ ബഹിരാകാശ ദൗത്യം 53 ദിവസം കൊണ്ട് പൂര്‍ത്തിയാകും. വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് ശേഖരിച്ച മണ്ണും പാറകളും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യത്തെ ദൗത്യമായിരിക്കും ഇത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ, 2500 കിലോമീറ്റര്‍ വീതിയിലും എട്ട് കിലോമീറ്റര്‍ ആഴത്തിലുമുള്ള എയ്റ്റ്കെന്‍ ബേസിനിലാണ് ചൈനയുടെ പേടകം ഇറങ്ങാന്‍ ശ്രമിക്കുന്നത്. ചന്ദ്രന്റെ ഈ പ്രദേശം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ്. ഇതുവരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് മണ്ണ് ശേഖരിച്ചിട്ടില്ല. അവിടത്തെ മണ്ണിന്റെയും പാറകളുടെയും ഘടന പഠിക്കുന്നതിലൂടെ ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ഈ ദൗത്യത്തിന്റെ വിജയം ചന്ദ്രന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നതിനും ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും വഴിയൊരുക്കും. ഭൂമിയില്‍ നിന്നും കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശങ്ങളിലേക്ക് പര്യവേക്ഷണം നീട്ടാനും ചൈനയ്ക്ക് പദ്ധതികളുണ്ട്.

ഏഴ് കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ ചന്ദ്രന്റെ വിദൂര ഭാഗത്തിന്റെ ഫോട്ടോ എടുക്കാന്‍ കാമറയുണ്ട്. ചൈനീസ് ശാസ്ത്ര ഉപകരണങ്ങള്‍ക്കൊപ്പം, ഫ്രാന്‍സ്, ഇറ്റലി, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പേലോഡുകളും ദൗത്യത്തിന്റെ ഭാഗമാകും, ഇത് ചന്ദ്ര പര്യവേക്ഷണത്തില്‍ അന്താരാഷ്ട്ര സഹകരണത്തിന് അടിവരയിടുന്നു.

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ വെള്ളം ഉണ്ടോയെന്ന് തിരയാന്‍ ചാങ്' ഇ-7, അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ചാങ്' ഇ-8 എന്നീ പേടകങ്ങള്‍ വിക്ഷേപിക്കാനുള്ള പദ്ധതിയും ചൈനയുടെ ആലോചനയിലുണ്ട്.

പാകിസ്ഥാന്‍ പേടകം

പാകിസ്ഥാന്‍ ചരിത്രത്തിലെ ഒരു നാഴികല്ല കുറിച്ചുകൊണ്ടാണ് അവരുടെ ആദ്യത്തെ ചന്ദ്ര ദൗത്യം വിക്ഷേപിച്ചത്. ഈ ദൗത്യത്തിന് ഐക്യൂബ്-ക്യൂ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയും (ഐഎസ്ടി) ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്സിറ്റിയും പാകിസ്ഥാന്റെ ദേശീയ ബഹിരാകാശ ഏജന്‍സിയായ സുപാര്‍കോയുമായി സഹകരിച്ചാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനാണ് ഈ ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ചന്ദ്ര ദൗത്യങ്ങളും ബഹിരാകാശ പര്യവേഷണങ്ങളും നടത്താനുള്ള പദ്ധതികളുണ്ട്.

ചന്ദ്രനെക്കുറിച്ചുള്ള പഠനത്തില്‍ ചൈന അമേരിക്കയുമായി മത്സരിക്കുകയാണ്. അടുത്തിടെ, യുഎസ് ചന്ദ്രനിലേക്ക് ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ ആരംഭിച്ചു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കാനാണ് ഈ ദൗത്യങ്ങള്‍ ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കാലത്ത് കഴിഞ്ഞ ദശകത്തില്‍ ചൈനയുടെ ബഹിരാകാശ പദ്ധതി അതിവേഗം പുരോഗമിച്ചു. ചന്ദ്രയാന്‍-3 വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യയും ചാന്ദ്ര പര്യവേഷണത്തില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.