കൊച്ചി: 'ഒന്ന് പുറത്താക്കി തരുമോ'? എന്ന് കോണ്‍ഗ്രസിനോട് ചോദിക്കാതെ ചോദിക്കുകയാണ് പാര്‍ട്ടി എംപി ശശി തരൂര്‍. എന്നാല്‍, തരൂര്‍ നയതന്ത്രം പഠിച്ചതിനേക്കാള്‍ വലിയ സര്‍വകലാശാലയിലാണ് തങ്ങള്‍ രാഷ്ട്രീയം പഠിച്ചത് എന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
തരൂര്‍ 'താമരക്കൊടി' പിടിക്കുന്നത് തങ്ങളുടെ ചുമലില്‍ കയറി നിന്നു വേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് തോന്നുന്നു. അതാണ് അടിയന്തരാവസ്ഥ ലേഖനത്തില്‍ ഇന്ദിര ഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും കടന്നാക്രമിച്ചിട്ടും തരൂരിനെതിരെ നടപടി വേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ നിന്നും മനസിലാകുന്നത്. പരമാവധി സംയമനം പാലിക്കുക എന്ന രാഷ്ട്രീയ തന്ത്രം. പക്ഷേ, 'അള മുട്ടിയാല്‍ ചേരയും കടിക്കും' എന്ന മുന്നറിയിപ്പും ഹൈക്കമാന്‍ഡ് പരോഷമായി നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സമവായ നീക്കം പൊളിച്ച് മല്ലികാര്‍ജുനന്‍ ഖാര്‍ഗെയ്‌ക്കെതിരെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാണ് തരൂര്‍ തന്റെ ഏകാംഗ റിബലിസം ആദ്യം പരസ്യമായി പുറത്തെടുത്തത്. അതില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന ചില ഭിന്ന സ്വരങ്ങള്‍, കോണ്‍ഗ്രസ് എന്ന ജനാധിപത്യ പാര്‍ട്ടിയില്‍ ഇതൊക്കെ സാധാരണം എന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ കെട്ടടങ്ങുകയായിരുന്നു.
തുടര്‍ന്നും പാര്‍ട്ടി തരൂരിന് സീറ്റ് നല്‍കുകയും തിരുവനന്തപുരത്ത് നിന്ന് വിജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം വട്ടം എംപി ആയതിന് ശേഷം 'ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം' എന്ന തരത്തില്‍ പല പ്രസ്താവനകളും അദേഹം നടത്തി. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോഡിയുടെ സ്തുതി ഗീതങ്ങള്‍ ആവര്‍ത്തിച്ച് ആലപിച്ച് പാര്‍ട്ടിയെ പല തവണ വെട്ടിലാക്കി. ഇതിനെതിരെ ഹൈക്കമാന്‍ഡ് ചില മുന്നറിയിപ്പുകളൊക്കെ കൊടുത്തെങ്കിലും മോഡിയുടെ വാഴ്ത്തു പാട്ടുകള്‍ അദേഹം കഴിഞ്ഞ ദിവസവും നടത്തി.
വളരെ കരിസ്മാറ്റിക് ഗുണങ്ങളുള്ള നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും ദേശീയതയില്‍ അടിയുറച്ച ഭരണമാണ് അദേഹത്തിന്റേതെന്നുമാണ് കഴിഞ്ഞ ദിവസം ലണ്ടനിലെ ഒരു പരിപാടിയില്‍ അദേഹം പ്രസംഗിച്ചത്. അതേ വേദിയില്‍ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. മുന്‍പ് ഓപ്പറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനെയും ഇസ്രയേല്‍ വിഷയത്തില്‍ സോണിയ ഗാന്ധി പറഞ്ഞതിനെതിരെയും തരൂര്‍ വിമര്‍ശിച്ചിരുന്നു.
സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടാതെ ഓപ്പറേഷന്‍ സിന്ദൂരിനെപ്പറ്റി വിദേശ രാജ്യങ്ങളിലെത്തി വിശദീകരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയോഗിച്ച വിവിധ സംഘങ്ങളുടെ നേതൃസ്ഥാനവും പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അദേഹം ഏറ്റെടുത്തു. ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രതിപക്ഷ ആശയങ്ങളിലൂന്നിയുളള നിലപാട് സ്വീകരിച്ചു വന്ന കോണ്‍ഗ്രസ് നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കിയ നിലപാടായിരുന്നു അത്.
അച്ചടക്ക നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുമ്പോഴും ശശി തരൂര്‍ ഇനിയും പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. കാരണം പുറത്താക്കപ്പെട്ടോ, അല്ലാതെയോ ബിജെപിയിലെത്തിയാല്‍ ഏറെ മെച്ചപ്പെട്ട രാഷ്ട്രീയ ഭാവിയാണ് അദേഹം സ്വപ്‌നം കാണുന്നത്. ആര്‍.എസ്.എസിന് തരൂരിനോടുള്ള താല്‍പര്യവും നിര്‍ണായക ഘടകമാണ്.
നരേന്ദ്ര മോഡി കഴിഞ്ഞാല്‍ അന്താരാഷ്ട തലത്തില്‍ തലയെടുപ്പുള്ള ഒരു നേതാവ് ബിജെപിയില്‍ ഇല്ലെന്നിരിക്കേ തരൂരിന്റെ തന്ത്രങ്ങള്‍ കുറിയ്ക്ക് കൊണ്ടാല്‍ അദേഹം സ്വപ്‌നം കാണുന്ന ഒരു പ്രധാനമന്ത്രി പദം വരെ സ്വന്തമാക്കാന്‍ ഏറെ പ്രയാസമുണ്ടാകില്ല. അതല്ലെങ്കില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഉപപ്രധാനമന്ത്രി പദവികള്‍. ആര്‍.എസ്.എസിന് തരൂരിനോടുള്ള താല്‍പര്യം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ ഒരാള്‍ക്ക് അത്രയും ഉന്നത പദവികള്‍ നല്‍കാന്‍ തയ്യാറാകുമോ എന്ന ചോദ്യം ഉയരാം. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നതു പോലെതന്നെ തരൂരിനെ ഒരു കോണ്‍ഗ്രസുകാരനായോ, കറ തീര്‍ന്ന രാഷ്ട്രീയക്കാരനായോ ബിജെപി, ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ കാണുന്നില്ല എന്നാണ് അതിനുള്ള ഉത്തരം.
ഐക്യരാഷ്ട്ര സഭയില്‍ അണ്ടര്‍ സെക്രട്ടറി പദം വരെ അലങ്കരിച്ച ശശി തരൂരിന് ഒരു രാഷ്ട്രീയക്കാരനേക്കാളുപരി ഒരു ഡിപ്ലോമാറ്റിക് പ്രൊഫൈലാണുള്ളത്. വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി അദേഹത്തിന് നേരിട്ടുള്ള ബന്ധം ഉന്നത പദവികള്‍ക്കുള്ള അനുകൂല ഘടകമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണ സംഘങ്ങളുടെ തലവനായി അദേഹത്തെ ബിജെപി നിശ്ചയിച്ചതും അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങള്‍ കണക്കിലെടുത്താണ്.
അതിനിടെ ആര്‍.എസ്.എസിന്റെ പരമോന്നത നേതാവ് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. എഴുപത്തഞ്ച് വയസ് തികഞ്ഞ നേതാക്കള്‍ സ്വയം വിരമിക്കണമെന്നാണ് നാഗ്പൂരിലെ ഒരു പൊതു പരിപാടിയില്‍ അദേഹം പറഞ്ഞത്. ഈ വര്‍ഷം എഴുപത്തഞ്ച് തികയുന്ന മോഡിക്കുള്ള മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഭാഗവതിന്റെ പ്രസ്താവനയെ കാണുന്നത്. ആര്‍.എസ്.എസുമായി മോഡി അത്ര നല്ല ബന്ധത്തിലല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോഡി സ്വയം മാറുകയോ, പാര്‍ട്ടി മാറാന്‍ നിര്‍ദേശിക്കുകയോ ചെയ്താല്‍ മോഡിയോളം അന്തര്‍ദേശിയ ബന്ധങ്ങളുള്ള ഒരു നേതാവും പിന്നെ ബിജെപിയിലില്ല. അവിടെയാണ് തരൂരിന് പ്രസക്തിയേറുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.