ഇസ്ലാമാബാദ്: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ട രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി ലാഹോര്‍ സെഷന്‍സ് കോടതി. 20കാരനായ ആദില്‍ ബാബറിനും 16കാരനായ സൈമണ്‍ നദീമിനുമാണ് മോചനം ലഭിച്ചത്.
പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍ നിന്ന് ഇരുവരെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല്‍ റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന്‍ സസീബ് അഞ്ജും പറഞ്ഞു .
2023 മെയ് 18 നാണ് യുവാക്കളെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇരുവരും ബാബറിന്റെ വീട്ടുമുറ്റത്ത് നിന്ന് നിസാരമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആ സമയം ആ വഴി കടന്നുവന്ന സുഹൈല്‍ എന്ന യുവാവ് ഇവർ ദൈവനിന്ദ നടത്തിയതായി ആരോപിക്കുകയായിരുന്നു.
മുഹമ്മദിനെ അനാദരിച്ചെന്ന് ആരോപിച്ച് സെക്ഷന്‍ 295-സി പ്രകാരമാണ് ആദ്യം കുറ്റം ചുമത്തിയത്. മുഹമ്മദിന്റെ ഭാര്യമാര്‍, കുടുംബാംഗങ്ങള്‍, ഇസ്ലാമിലെ നാല് ഖലീഫമാര്‍ എന്നിവരുള്‍പ്പെടെയുള്ള അപമാനിച്ചെന്ന് ആരോപിച്ച് സെക്ഷന്‍ 298-എ പ്രകാരവും കുറ്റം ചുമത്തി.
തുടര്‍ന്ന് ലാഹോര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകളില്‍ ഈ രണ്ട് വകുപ്പുകളും റദ്ദ് ചെയ്തു 295 എ വകുപ്പാക്കി മാറ്റാന്‍ പൊലീസിനോട് ഉത്തരവിട്ടു കൊണ്ട് അന്നത്തെ ജഡ്ജി ബാബറിന് ജാമ്യം അനുവദിച്ചു. ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് നദീമിനെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സെക്ഷന്‍ 295 എ പ്രകാരമുള്ള അവരുടെ വിചാരണ ഏകദേശം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഫെഡറല്‍ അല്ലെങ്കില്‍ പ്രവിശ്യാ ഗവണ്‍മെന്റുകളുടെ അംഗീകാരമില്ലാതെ സെക്ഷന്‍ 295-എ പ്രകാരമുള്ള കുറ്റകൃത്യം പരിഗണിക്കാന്‍ കഴിയില്ലെന്ന ഇവരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഇപ്പോള്‍ ഇവരെ കുറ്റവിമുക്തരാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.