കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍, മേയറുടെ ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ കെ.എം സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യാ, കണ്ടാലറിയുന്ന യുവാവ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് യദു ഹര്‍ജി നല്‍കിയത്.

കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും ചുമത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. യദുവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്.

ഇതേ സംഭവത്തിന് കന്റോണ്‍മെന്റ് പൊലീസ് ഇക്കഴിഞ്ഞ നാലിന് മേയര്‍ക്കും ഭര്‍ത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നായിരുന്നു ബൈജു നോയല്‍ നല്‍കിയ പരാതി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.