കാന്‍ബറ: തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നു. സിഡ്‌നിയിലും പെര്‍ത്തിലും കൗമാരക്കാര്‍ ഭീകരാക്രമണത്തിന് മുതിര്‍ന്ന സംഭവങ്ങളുണ്ടായതോടെയാണ് ഇത്തരം പദ്ധതികള്‍ (കൗണ്ടറിങ് വയലന്റ് എക്‌സ്ട്രിമിസം പ്രോഗ്രാം) ചെറുപ്പക്കാരില്‍ ഫലപ്രദമാകുന്നുണ്ടോ എന്ന സംശയം ഉയരുന്നത്.
സിഡ്നിയില്‍ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും പെര്‍ത്തില്‍ നഗരമധ്യത്തില്‍ ഒരാളെ കുത്തിയ സംഭവത്തിലും പിടിയിലായത് 16 വയസുകാരാണ്. ഇതു കൂടാതെ പൊലീസ് സിഡ്നിയില്‍ നടത്തിയ റെയ്ഡില്‍ അഞ്ചു കൗമാരക്കാര്‍ കൂടി അറസ്റ്റിലായിരുന്നു. ഇവരെ തീവ്രവാദ നിരോധന നിയമത്തിന്‍ കീഴിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പെര്‍ത്തില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16കാരന്‍ പൊലീസിന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.
ചെറിയ പ്രായത്തിനുള്ളില്‍ നിരവധി കൗമാരക്കാര്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും സമൂഹത്തിന് ഭീഷണിയാകുന്നതും വളരെ ഗൗരവത്തോടെ കാണാന്‍ ഈ രണ്ടു സംഭവങ്ങളും സര്‍ക്കാരിന് പ്രേരകമായിട്ടുണ്ട്. പെര്‍ത്തില്‍ വെടിയേറ്റു മരിച്ച 16-കാരന്‍ തീവ്ര ആശയങ്ങളില്‍ നിന്ന് പിന്തിരിയാനായി രണ്ട് വര്‍ഷത്തിലേറെയായി 'ഡീ-റാഡിക്കലൈസേഷന്‍' പ്രോഗ്രാമിനു വിധേയനായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെയും പൊലീസ് സംവിധാനങ്ങളെയും മാറ്റിച്ചിന്തിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ള ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
ഭീകരാക്രമണം പോലുള്ള ആശയങ്ങള്‍ക്ക് അടിമപ്പെടാന്‍ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാനും അപകടസാധ്യത കുറയ്ക്കാനുമുള്ള സേവനങ്ങള്‍ നല്‍കുകയാണ് ഇത്തരം പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. 140-ലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയിലാണ് കൗമാരക്കാരനും ഉള്‍പ്പെട്ടിരുന്നത്.
ഫെഡറല്‍ ഫണ്ട് ഉപയോഗിച്ചുള്ള കൗണ്ടറിങ് വയലന്റ് എക്‌സ്ട്രിമിസം പ്രോഗ്രാമില്‍ (സിവിഇ) പങ്കെടുത്ത കുട്ടിക്ക് ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസ് മന്ത്രി പോള്‍ പപ്പാലിയ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ സമൂഹത്തിന് ഭീഷണിയായി മാറുമെന്ന ദീര്‍ഘവീക്ഷണം പോലീസിനുണ്ടായില്ലെന്ന് എ.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരക്കാര്‍ യാതൊരു മുന്നറിയിപ്പില്ലാതെയാണ് ആക്രമണ സംഭവങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് പോലീസിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം തീവ്ര ആശയങ്ങള്‍ കുട്ടികളില്‍ എത്തുച്ചേരുന്നതിനെതിരേയുള്ള ആശങ്ക പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും പങ്കുവെച്ചിരുന്നു. വെടിയേറ്റു മരിച്ച കൗമാരക്കാരന്‍ പഠിക്കുന്ന സ്‌കൂളിലെ തന്റെ കൂട്ടുകാരെയും ഇത്തരം ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.
14 വയസുള്ളപ്പോഴാണ് കുട്ടി ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമില്‍ ചേര്‍ന്നത്. സമൂഹത്തിന് ഭീഷണിയാകുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെയാണ് ഈ പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ കുറ്റവാളികളല്ലാത്തതിനാല്‍ ക്രിമിനല്‍ സമീപനത്തോടെയല്ല ഇവരോടു പെരുമാറുന്നതെന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് കമ്മിഷണര്‍
കേണല്‍ ബ്ലാഞ്ച് പറഞ്ഞു. 'ഇത് യഥാര്‍ത്ഥത്തില്‍ അവരെ മാനസികമായി പിന്തുണയ്ക്കുന്ന ഒരു പരിപാടിയാണ്. അതിനാല്‍, അതില്‍ മനശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ സ്‌കൂളിലാണെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മതനേതാക്കളെയും ഉള്‍പ്പെടുത്തുന്നു - അദ്ദേഹം പറഞ്ഞു
അതേസമയം, പദ്ധതി വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും ആരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ മാറ്റുന്നത് കഠിനമായ ടാസ്‌ക് ആണെന്നും കമ്മിഷണര്‍ പറഞ്ഞു. കൗമാരക്കാരനെ സഹായിക്കാന്‍ സ്‌കൂള്‍ അധികൃതര്‍, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഡബ്ല്യുഎ പോലീസ് എന്നിവരെല്ലാം ശ്രമിച്ചു. എന്നിട്ടും അതു സംഭവിച്ചു - അദ്ദേഹം പറഞ്ഞു.
തീവ്രവാദം, റാഡിക്കലൈസേഷന്‍ എന്നിവയെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ചെയ്തിട്ടുള്ള ഫെഡറല്‍ യൂത്ത് മിനിസ്റ്റര്‍ ആന്‍ അലിയുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയയുടെ സിവിഇ പദ്ധതി തയാറാക്കിയിട്ടുള്ളത്. എന്നാല്‍ എവിടെയും ഈ പ്രോഗ്രാമുകളൊന്നും സാര്‍വത്രികമായി വിജയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നെതര്‍ലാന്‍ഡിലാണ് സിവിഇ പ്രോഗ്രാമുകള്‍ ആദ്യം ആരംഭിച്ചത്. നവ-നാസി പ്രത്യയശാസ്ത്രത്തിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് തടയാനായിരുന്നു അന്ന് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.