ന്യൂഡല്‍ഹി: വിമാന യാത്രികരെയും കമ്പനിയേയും കടുത്ത പ്രതിസന്ധിയിലാക്കിയ എയര്‍ ഇന്ത്യ എക്‌സപ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ധാരണ. ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ഡല്‍ഹി ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനം ആയത്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എച്ച്.ആര്‍ മേധാവിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡല്‍ഹി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകുന്നേരത്തോടെയാണ് തീരുമാനം ആയത്.
നേരത്തേ സമരത്തില്‍ പങ്കെടുത്ത മുപ്പത് കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടിരുന്നു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂര്‍വമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തത് ആസൂത്രിതമായാണെന്നും കാബിന്‍ ക്രൂവിന് നല്‍കിയ പിരിച്ചുവിടല്‍ കത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കുന്നു. 300 ക്യാബിന്‍ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്. സമരത്തെ തുടര്‍ന്ന് 86 സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതുപതിനായിരത്തിലേറെ യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ളവരുള്‍പ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി അടുത്തവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.