ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 28,200 മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവന ദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ അടിയന്തരമായി പുനപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരോടാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നിര്‍ദേശം. സൈബര്‍ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഉള്‍പ്പെട്ടവരുടെ ടെലികോം ദുരുപയോഗം തടയാന്‍ ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ്, ആഭ്യന്തര മന്ത്രാലയം, സംസ്ഥാന പോലീസ് എന്നിവരുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ദേശം.
തട്ടിപ്പുകാരുടെ ശൃംഖലകള്‍ തകര്‍ക്കാനും ഡിജിറ്റല്‍ ഭീഷണികളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ 28,200 മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും നടത്തിയ വിശകലനത്തില്‍ കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ 20 ലക്ഷം നമ്പറുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
അതിന്റെ ഭാഗമായാണ് ടെലികോം കമ്പനികളോട് പുനപരിശോധനയ്ക്കാനും ഹാന്‍ഡ് സെറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടത്. സംശയാസ്പദമായ 10,834 മൊബൈല്‍ നമ്പറുകളും ടെലികോം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ടെലികോം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം 'ചക്ഷു പോര്‍ട്ടല്‍' ആരംഭിച്ചിരുന്നു. അതിനുശേഷം, ഫിഷിങ് (സെന്‍സിറ്റീവ് വിവരങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം) എസ്എംഎസുകള്‍ അയയ്ക്കുന്ന 52 സ്ഥാപനങ്ങളെ വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിന്റെ ഭാഗമായി 348 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യുകയും 10,834 സംശയാസ്പദമായ മൊബൈല്‍ നമ്പറുകള്‍ വീണ്ടും പരിശോധിക്കുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കൂടാതെ, സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ അല്ലെങ്കില്‍ വ്യാജമായ രേഖകള്‍ ഉപയോഗിച്ചെടുത്ത മൊബൈല്‍ കണക്ഷനുകള്‍ എന്നിവ ചൂണ്ടിക്കാട്ടി 1.58 ലക്ഷം അദ്വിതീയ മൊബൈല്‍ ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ തടയുകയും ചെയ്തു.
2024 ഏപ്രില്‍ 30 വരെ 1.66 കോടി മൊബൈല്‍ കണക്ഷനുകള്‍ ടെലികോം മന്ത്രാലയം വിച്ഛേദിച്ചിരുന്നു. ഇതില്‍ 30.14 ലക്ഷം കണക്ഷനുകള്‍ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയും 53.78 ലക്ഷം കണക്ഷനുകള്‍ ഒരാള്‍ക്ക് എടുക്കാന്‍ കഴിയുന്ന സിം കാര്‍ഡ് പരിധി ലംഘിച്ചതിനുമാണ് തടഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.