വിക്‌ടോറിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച പാലസ്തീന്‍ അനുകൂല ടെന്റുകള്‍ നീക്കണമെന്ന് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍; അവഗണിച്ച് വിദ്യാര്‍ത്ഥികള്‍

വിക്‌ടോറിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച പാലസ്തീന്‍ അനുകൂല ടെന്റുകള്‍ നീക്കണമെന്ന് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍; അവഗണിച്ച് വിദ്യാര്‍ത്ഥികള്‍

മെല്‍ബണ്‍: വിക്‌ടോറിയയിലെ പ്രശസ്തമായ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച പാലസ്തീന്‍ അനുകൂല ടെന്റുകള്‍ പൊളിച്ചുമാറ്റാനുള്ള അധികൃതരുടെ അഭ്യര്‍ത്ഥനയെ അവഗണിച്ച് വിദ്യാര്‍ത്ഥികള്‍. ക്യാമ്പസില്‍ ആക്രമണ സാധ്യതയുണ്ടെന്ന വിക്ടോറിയ പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ കെറി പാര്‍ക്കര്‍ ടെന്റുകള്‍ പൊളിച്ചുനീക്കാന്‍ പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചത്.

എന്നാല്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള അധികൃതരുടെ അപേക്ഷ പാലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. ഇതാദ്യമായാണ് ഓസ്ട്രേലിയയിലെ ഒരു സര്‍വകലാശാല പലസ്തീന്‍ അനുകൂല ടെന്റുകള്‍ നീക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്.

ഓസ്‌ട്രേലിയയില്‍ ആദ്യമായി സിഡ്നി സര്‍വകലാശാലയിലാണ് പാലസ്തീന്‍ അനുകൂല പ്രക്ഷോഭം ആരംഭിക്കുന്നത്. മൂന്നാഴ്ച മുമ്പ് ആരംഭിച്ച പ്രക്ഷോഭം ഓസ്ട്രേലിയയിലെ എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിച്ചു. അതേസമയം, അമേരിക്കന്‍ സര്‍വകലാശാലകള്‍ സാക്ഷ്യം വഹിച്ചപോലെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാത്തതിനാലാണ് ഓസ്‌ട്രേലിയയില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തത്.

ടെന്റുകള്‍ നീക്കാന്‍ കൂടുതല്‍ അധികാരങ്ങള്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ആഴ്ച വിക്ടോറിയ പോലീസ്, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തെഴുതിയിരുന്നു. പ്രക്ഷോഭം വളരാന്‍ അനുവദിച്ചാല്‍ ഇസ്രയേല്‍-പാലസ്തീന്‍ അനുകൂലികള്‍ തമ്മില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെന്റുകള്‍ മെയ് ഏഴു മുതല്‍ മെയ് 10 വരെ തുടരുമെന്നാണ് സമരത്തിന്റെ സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും നീക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായിട്ടില്ല.

കഴിഞ്ഞയാഴ്ച വിദ്വേഷ പ്രസംഗം ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ അസ്വീകാര്യമായ പെരുമാറ്റം ചൂണ്ടിക്കാട്ടി, ടെന്റുകള്‍ സ്ഥാപിച്ച ക്യാമ്പസിലെ മോര്‍ഗന്‍സ് വാക്ക് മേഖല ബാരിക്കേഡുകള്‍ സ്ഥാപിച്ച് സര്‍വകലാശാലാ അധികൃതര്‍ അടച്ചിരുന്നു. അതേസമയം, ഈ അടച്ചുപൂട്ടല്‍ കാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇസ്രയേലുമായും എല്ലാ ആയുധ നിര്‍മ്മാതാക്കളുമായുമുള്ള ബന്ധം സര്‍വകലാശാലകള്‍ വിച്ഛേദിക്കണമെന്നാണ് പാലസ്തീന്‍ അനുകൂലികളുടെ ആവശ്യം. വൈസ് ചാന്‍സലര്‍ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഷാഡോ വിദ്യാഭ്യാസ മന്ത്രി സാറാ ഹെന്‍ഡേഴ്‌സണ്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറുടെ നിലപാടിനെ പ്രശംസിച്ചു. തടസമില്ലാത്ത, സുരക്ഷിതമായ പഠനാന്തരീക്ഷം ലഭിക്കാനുള്ള ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശത്തോട് എല്ലാ സര്‍വ്വകലാശാലകളും പ്രതിബദ്ധത കാണിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ടെന്റുകള്‍ നീക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി തന്റെ നിലപാട് ഒരു റേഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കി. 'ഈ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് മാന്യമായിരിക്കുക എന്നതു പ്രധാനമാണ്. ക്യാമ്പുകള്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലീസിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ വിക്ടോറിയയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുമായി പോലീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാമ്പസുകളിലെ പ്രക്ഷോഭങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.