'വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിക്ക് തുല്യം'; ജോസ് കെ. മാണി മടങ്ങി വരൂവെന്ന് വീക്ഷണം

'വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിക്ക്  തുല്യം'; ജോസ് കെ. മാണി മടങ്ങി വരൂവെന്ന് വീക്ഷണം

സിപിഎം അരക്കില്ലത്തില്‍ വെന്തുരുകാതെ തിരികെ യുഡിഎഫിലേക്ക് മടങ്ങണമെന്നും വീക്ഷണം മുഖപ്രസംഗം.

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫില്‍ അവകാശവാദങ്ങള്‍ മുറുകുന്നതിനിടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം.

എല്‍ഡിഎഫിലുള്ള ജോസ് കെ. മാണിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും അവസ്ഥ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമാണെന്ന് ലേഖനത്തില്‍ പറയുന്നു. ജോസ് കെ. മാണി നിലവിലുള്ളത് സിപിഎം അരക്കില്ലത്തിലാണെന്നും അവിടെ വെന്തുരുകാതെ തിരികെ യുഡിഎഫിലേക്ക് മടങ്ങണമെന്നും വീക്ഷണം മുഖ പ്രസംഗത്തില്‍ പറയുന്നു.

കോട്ടയം ലോക്‌സഭ സീറ്റില്‍ ചാഴികാടന്റെ തോല്‍വി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാര്‍ട്ടി പദവിയും ചിഹ്നവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ജോസ് കെ. മാണിയുടെ മോഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധ്യമല്ലെന്നത് വ്യക്തമാണ്.

കേരളാ കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ എത്തിയത് സംസ്ഥാന മന്ത്രിസഭയില്‍ അംഗമാവുക എന്ന ജോസ് കെ. മാണിയുടെ അത്യാര്‍ത്തി മൂലമാണെന്നും കെ.എം മാണിയെ പുകഴ്ത്തുകയും ജോസ് കെ. മാണിയെ താഴ്ത്തുകയും ചെയ്തുകൊണ്ട് ലേഖനം വിശദമാക്കുന്നു.

സിപിഎമ്മിന് ഒരിക്കലും കോണ്‍ഗ്രസ് എടുക്കുന്ന സൗഹൃദപരമായ നിലപാടുകള്‍ ഘടക കക്ഷികളോട് പുലര്‍ത്താന്‍ കഴിയുകയില്ല. യുഡിഎഫിനുള്ളില്‍ ഘടക കക്ഷികളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്.

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നല്‍കിയത് അത്തരത്തിലുള്ള മുന്നണി മര്യാദയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ആ തരത്തില്‍ നിലപാടെടുക്കുന്ന യുഡിഎഫിനോട് ജോസ് കെ. മാണി കാണിച്ചത് കൊടും ചതിയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

കെ.എം മാണി വത്തിക്കാന്‍ പോലെ കാത്ത് സൂക്ഷിച്ച പാലായില്‍ ജോസ് കെ. മാണി തോറ്റത് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കഠിനമായതാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക് അവകാശ ബോധത്തിന്റെയും സംഘ ബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം മാണിയുടെ മകന് കര്‍ഷക രാഷ്ട്രീയത്തിന്റെ നഴ്‌സറി പാഠങ്ങള്‍ പോലും വശമില്ലെന്നും വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.