ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; അടിയന്തരമായി നിലത്തിറക്കി

ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; അടിയന്തരമായി നിലത്തിറക്കി

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ തീപിടിച്ചു. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബംഗളൂരുവില്‍ ഇറക്കിയതായി ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.

എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ രാത്രി 11:12 നായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എന്‍ജിനാണ് തീപിടിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ക്രൂ അംഗങ്ങള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയായിരുന്നു.

ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെഐഎ) അടിയന്തര ലാന്‍ഡിങ് നടത്തി തീ അണച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍) വക്താവ് അറിയിച്ചു. വിമാനത്തിന്റെ വലത് എഞ്ചിനില്‍ നിന്ന് തീപിടുത്തം ഉണ്ടായതായാണ് സംശയിക്കുന്നത്.

അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിച്ചേരാനുള്ള ബദല്‍ ക്രമീകരണങ്ങള്‍ ഉടന്‍ ഒരുക്കുമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.