ഇബ്രാഹിം റെയ്സിയുടെ മരണം: ഇറാനില്‍ ദുഖവും ആഹ്ലാദവും

ഇബ്രാഹിം റെയ്സിയുടെ മരണം: ഇറാനില്‍ ദുഖവും ആഹ്ലാദവും

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തില്‍ ഇറാന്‍ ജനത ദുഖാചരണം നടത്തുമ്പോഴും ഒരു വിഭാഗം ആളുകള്‍ ആഹ്ലാദ പ്രകടനവുമായി രംഗത്ത്.

മരണത്തില്‍ ശത്രു രാജ്യങ്ങള്‍ക്കടക്കം പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗികമായ വിവരങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. റെയ്‌സിക്ക് രാജ്യത്തിനുള്ളില്‍ തന്നെ നിരവധി ശത്രുക്കള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഇറാന്‍ പ്രസിഡന്റടക്കം എട്ട് പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാനെ സഹായിക്കുമെന്ന് റഷ്യ അറിയിച്ചു. ഹെലികോപ്ടര്‍ തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞു.

അതേസമയം ഭരണത്തില്‍ വിമര്‍ശനമുന്നയിച്ച സഹപ്രവര്‍ത്തകരെ അദേഹം ഒതുക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ രാജ്യത്തിനകത്ത് തന്നെ അദേഹത്തോട് ശത്രുതയുള്ളവര്‍ക്ക് മരണത്തില്‍ പങ്കുണ്ടായേക്കാമെന്ന് സംശയവും ഉയരുന്നുണ്ട്.

മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയുടെ ഉപരോധം നേരിടുന്നയാള്‍ കൂടിയാണ് റെയ്‌സി. രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാനായി നിയമിതമായ സമിതിയിലെ റെയ്സിയുടെ അംഗത്വമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ ഉപരോധം.

അതേസമയം പ്രസിഡന്റിന്റെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷ പരിപാടികളുമായി രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ചില ഇറാനിയന്‍ പൗരന്മാര്‍ മദ്യം വിളമ്പിയും വെടിക്കെട്ട് തീര്‍ത്തും മരണവാര്‍ത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നത്.

ആരെങ്കിലും രക്ഷപ്പെടുമോ എന്നോര്‍ത്ത് എല്ലാവരും ആശങ്കപ്പെട്ട ഒരേയൊരു അപകട വാര്‍ത്ത ഇതാണെന്ന് ഇറാനിയന്‍-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയായ മാസിയ അലിനേജാദ് എക്‌സില്‍ കുറിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാനിയന്‍ സാമൂഹ്യപ്രവര്‍ത്തകയുടെ പോസ്റ്റ്. ''Happy World Helicopter Day!' എന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇറാന്റെ ദരിദ്രമായ സാമ്പത്തിക സ്ഥിതിയിലും തൊഴിലില്ലായ്മയിലുമുള്ള ജനരോഷവും റെയ്സിയുടെ കാലത്ത് രൂക്ഷമായിരുന്നു. 2017 ല്‍ തുടര്‍ഭരണം ലഭിച്ച ഹസന്‍ റൂഹാനിയുടെ കാലത്ത് തുടങ്ങിയ ജനരോഷത്തിന്റെ തുടര്‍ച്ചയായിരുന്നു റെയ്സിയുടെ കാലത്ത് കണ്ടത്. ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ പ്രതിരോധമേഖലയ്ക്ക് പ്രധാന്യം കൊടുക്കുന്നുവെന്ന ആരോപണം റെയ്സിയുടെ ഭരണകാലം കേട്ടു. ഇറാന്റെ മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമീനി മരിച്ചതിനെത്തുടര്‍ന്നുണ്ടായ ജനമുന്നേറ്റം റെയ്സി കാലത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു.

500 ലേറെ പേര്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. ഏഴ് പേരെ ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മതകാര്യ പൊലീസിനെ ഇറാന്‍ പിരിച്ചുവിട്ടു. ഇത്തരം നടപടികള്‍ റെയ്സിക്ക് രാജ്യത്തിനകത്ത് തന്നെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാവിലെയാണ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.

മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. രക്ഷാ ദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്.

ഭരണഘടന പ്രകാരം ഇബ്രാഹിം റെയ്സിയുടെ മരണത്തെ തുടര്‍ന്ന് താല്‍കാലിക പ്രസിഡന്റാകുക നിലവിലെ പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബര്‍ (69) ആണ്. ഇദേഹത്തിന് പ്രസിഡന്റിന്റെ ചുമതല കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊഖ്ബര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുക.

കൊല്ലപ്പെട്ട ഇബ്രാഹിം റെയ്സി 2021 ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെ ആയിരുന്നു അദേഹത്തിന്റെ കാലാവധി.

അതേസമയം ഇബ്രാഹിം റെയ്സിയുടെ മരണത്തില്‍ ഇന്ത്യയില്‍ ചൊവ്വാഴ്ച ദുഖാചരണം നടത്തും. ഔദ്യോഗിക പരിപാടികള്‍ ഒന്നും നടത്തില്ല. ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനമറിയിച്ചിരുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോഡി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.