തിരുവമ്പാടിയിൽ നിന്ന് അമേരിക്കയിലേക്ക്; ലിസ്ബത്ത് കരോളിന്‌ അമേരിക്കൻ സർവകലാശാലയുടെ സ്കോളർഷിപ്പ്

തിരുവമ്പാടിയിൽ നിന്ന് അമേരിക്കയിലേക്ക്; ലിസ്ബത്ത് കരോളിന്‌ അമേരിക്കൻ സർവകലാശാലയുടെ സ്കോളർഷിപ്പ്

കോഴിക്കോട്: ദേശീയ സ്കൂൾ കായിക മേളകളിൽ തിളങ്ങിയ ജംപിങ് താരം ലിസ്ബത്ത് കരോളിൻ ജോസഫിന് അമേരിക്കൻ സർവകലാശാലയുടെ സ്കോളർഷിപ്പ്. തിരുവമ്പാടി സ്വദേശിനിയായ ലിസബത്തിന്റെ കായികമികവ് കണ്ട് വിർജീനിയ ലിഞ്ച്ബർഗിലെ ലിബർട്ടി സർവകലാശാലയാണ് ലിസ്ബത്തിനെ അമേരിക്കയിലേക്ക് ക്ഷണിച്ചത് .

കായിക പരിശീലനത്തിനും ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠനത്തിനുമായി 1.65 കോടി രൂപയാണ് സർവകലാശാല ചിലവഴിക്കുക. പാലാ അൽഫോൻസ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ലിസ്ബത്ത്.

2018ൽ നൈറോബിയിൽ നടന്ന ലോക സ്കൂൾ മീറ്റിൽ ട്രിപ്ൾ ജംപിൽ ലിസബത്തിന്റെ പ്രകടനം കണ്ടാണ് ലിബർട്ടി സർവകലാശാലയിലെ പരിശീലകർ ഈ താരത്തെ ആദ്യമായി സമീപിച്ചത്. 2015-16ൽ കോഴിക്കോട് നടന്ന ദേശീയ സ്കൂൾ കായികമേളയിൽ നേടിയ മൂന്നു സ്വർണമടക്കം നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കി. ദേശീയ ജൂനിയർ മീറ്റുകളിലും മെഡൽ ജേതാവാണ്.

വിസ ഇൻറർവ്യൂ കടമ്പയും കടന്ന ലിസ്ബത്ത് ഈ ആഴ്ച തന്നെ അമേരിക്കയിലേക്ക് പറക്കും. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് സ്കൂളിൽനിന്ന് കായിക രംഗത്തെത്തിയ ലിസ്ബത്ത് മലബാർ സ്പോർട്സ് അക്കാദമിയിൽ ടോമി ചെറിയാന്റെ കീഴിലായിരുന്നു പരിശീലനം നടത്തിയത്. പുല്ലൂരാംപാറ കൊല്ലിത്താനം സജിയുടെയും ലെൻസിയുടെയും മകളാണ്. ഇളയ സഹോദരിമാരായ ആൻ ടെൻസ് ജോസഫും പിലോ എയ്ഞ്ചൽ ജോസഫും കായിക താരങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.