അതിഭയാനകമായ രണ്ട് മണിക്കൂർ; വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ചികിത്സയിലുള്ളവരിൽ 21 പേർ ഓസ്ട്രേലിയക്കാർ

അതിഭയാനകമായ രണ്ട് മണിക്കൂർ; വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ചികിത്സയിലുള്ളവരിൽ 21 പേർ ഓസ്ട്രേലിയക്കാർ

ബാങ്കോക്ക്: സിം​ഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ബ്രിട്ടീഷുകാരനായ വയോധികൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്തിൽ അപകട സമയത്തുണ്ടായിരുന്ന 211 യാത്രക്കാരിൽ 56 പേർ ഓസ്ട്രേലിയക്കാരായിരുന്നു. ഇതിൽ 21 ഓസ്ട്രേലിയക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആകാശച്ചുഴിയിൽ അകപ്പെട്ട സമയത്ത് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഭയാനകമായ നിമിഷങ്ങളെ ഓർത്തെടുത്ത് യാത്രക്കാർ വിവരിക്കുന്നു. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് താഴ്ന്നു. 211 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കു പുറമേ 18 വിമാന ജീവനക്കാരും. ഒന്നിച്ചൊരു നിലവിളിയാണ് ആദ്യമുയർന്നത്. തുടർന്ന് പൈലറ്റ് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് ​ഗുരുതരമായ പരിക്കുകളേറ്റിരുന്നു. സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാർ മുകളിലേക്ക് പൊങ്ങി ബോർഡിൽ തലയിടിച്ച് നിലത്ത് വീണു. യാത്രാമദ്ധ്യേ ആയിരുന്നതിനാൽ ഭൂരിഭാ​ഗമാളുകളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതിനാൽ ബാ​ഗേജ് കാബിനിൽ യാത്രക്കാരുടെ തലയിടിച്ചു. ഭക്ഷണ സാധനങ്ങൾ ചിന്നിച്ചിതറി. യുവാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ച് രണ്ടുവരി പിറകിലേക്ക് വീണു. പലരുടെയും ചെവിയിൽ നിന്നും തലയിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. ചിലർ ഭയം കാരണവും മറ്റ് ചിലർ പരിക്കേറ്റതിന്റെ വേദന മൂലവും അലറിക്കരയാൻ തുടങ്ങിയെന്ന് യാത്രക്കാർ പറയുന്നു

അപകട സമയത്ത് ശുചിമുറിയിൽ ആയിരുന്നവർക്കും ക്രൂ അം​ഗങ്ങൾക്കുമാണ് ഏറ്റവുമധികം പരിക്കേറ്റത്. അവർ നിലത്ത് കിടക്കുകയായിരുന്നു. പലർക്കും നട്ടെല്ലിനും തലയ്‌ക്കും പരിക്കേറ്റു. ചിലരുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഭയാനകവും ഏറ്റവും ദൈർഘ്യമേറിയതുമായ രണ്ട് മണിക്കൂറായിരുന്നു കടന്നുപോയതെന്നും രക്ഷപ്പെട്ട യാത്രക്കാർ പ്രതികരിച്ചു.

സിം​ഗപ്പൂർ എയർലൈൻസിന്റെ SQ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലണ്ടനിൽ നിന്ന് സിം​ഗപ്പൂരിലേക്ക് പോയ വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയായിരുന്നു. നിയന്ത്രണം വീണ്ടെടുത്തതിന് പിന്നാലെ വിമാനം ബാങ്കോക്കിൽ അടിയന്തരമായി ലാൻഡ് ചെയ്ത് പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പുവരുത്തി. യാത്രക്കാർക്കുണ്ടായ ഭയാനകമായ അനുഭവത്തിന് സിംഗപ്പൂർ എയർലൈൻസ് ക്ഷമാപണം നടത്തുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.