തിരുവനന്തപുരം: മദ്യ നയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രിമാരായ എം.ബി രാജേഷും മുഹമ്മദ് റിയാസും ആവര്‍ത്തിക്കുമ്പോഴും ടൂറിസം വകുപ്പ് കഴിഞ്ഞ മെയ് 21 ന് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തതായി സ്ഥിരീകരണം. ബാര്‍ ഉടമകള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തില്‍ പങ്കെടുത്ത ബാറുടമകള്‍ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവര്‍ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
മെയ് 21 ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് ബാറുടമകള്‍ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു.യോഗ വിവരം അറിയിച്ച് ഓണ്‍ലൈന്‍ ലിങ്ക് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇമെയില്‍ അയച്ചിരുന്നു.
ബാറുടമകള്‍, ഹോംസ്റ്റേ ഉടമകള്‍ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിര്‍ദേശം നല്‍കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്.
അനിമോന്റെ ശബ്ദരേഖയില്‍ എക്സൈസ് ഇന്റലിജന്‍സ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടെ ആധികാരികത, ഏത് സാഹാചര്യത്തില്‍ എന്നടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്. കോഴ ആരോപണത്തില്‍ നാളെ മുതല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ടൂറിസം യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം മദ്യനയത്തില്‍ ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മദ്യനയത്തില്‍ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണ്.
വിഷയത്തില്‍ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എക്‌സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും ചോദിച്ച അദേഹം ടൂറിസം മന്ത്രിക്ക് എന്തായിരുന്നു തിടുക്കമെന്നും ചോദിച്ചു. മദ്യനയത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബാറുടമകളെ പങ്കെടുപ്പിച്ച് സൂം മീറ്റിങും ധനകാര്യ സമിതി യോഗവും ചേര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിനിടെ ബാര്‍കോഴ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും.
ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദ സന്ദേശമാണ് അനിമോന്‍ പുറത്തു വിട്ടിരുന്നത്.
യോഗത്തില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്‌സും യോഗം നടന്ന ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ സംഭവത്തില്‍ ആദായ നികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.