അര്‍ധ രാത്രിയോടെ റിമാല്‍ കര തൊടും; 110 കിലോ മീറ്റര്‍ വേഗത: കൊല്‍ക്കത്ത വിമാനത്താവളം അടച്ചു, മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു

 അര്‍ധ രാത്രിയോടെ റിമാല്‍ കര തൊടും; 110 കിലോ മീറ്റര്‍ വേഗത: കൊല്‍ക്കത്ത വിമാനത്താവളം അടച്ചു, മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് ഇന്ന് അര്‍ധ രാത്രിയോടെ കരതൊടുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം പ്രധാനമന്ത്രി വിലയിരുത്തി. നിലവില്‍ പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലൂടെ സഞ്ചരിക്കുന്ന റിമാല്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലാകും കര തൊടുക. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പശ്ചിമ ബംഗാള്‍ തീരത്ത് നിന്നും 240 കിലോ മീറ്റര്‍ അകലെയാണ് റിമാല്‍. പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കന്‍ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാളിലെ സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നിന്ന് 10,000 ത്തോള്ളം ഗ്രാമീണരെ മാറ്റി പാര്‍പ്പിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെയും മറ്റന്നാളും കനത്ത മഴ ഉണ്ടാകും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യോമ, റെയില്‍ ഗതാഗതം തടസപ്പെട്ടു. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് ഉച്ച മുതല്‍ ഇരുപത്തിയൊന്ന് മണിക്കൂര്‍ നേരത്തേക്ക് അടച്ചു. 394 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. 63000 ത്തോള്ളം യാത്രക്കാരെ ഇത് ബാധിക്കും.

ചില ട്രെയിനുകള്‍ റദ്ദാക്കിയതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു. സാഹചര്യം നേരിടാന്‍ ത്രിപുരയിലും ബംഗാളിലും ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയടക്കം സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.