വീണാ വിജയന്റെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികള്‍ കമ്മിഷനായി ഒഴുകി; അമേരിക്കയിലേക്കും തുക മാറ്റി: ഷോണ്‍ ജോര്‍ജ്

വീണാ വിജയന്റെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികള്‍ കമ്മിഷനായി ഒഴുകി; അമേരിക്കയിലേക്കും തുക മാറ്റി: ഷോണ്‍ ജോര്‍ജ്

കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാട് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരില്‍ ഒരാളായ ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികള്‍ കമ്മിഷനായി ഒഴുകിയെന്ന് ഷോണ്‍ ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എക്സാലോജിക്ക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. അബുദാബി ആസ്ഥാനാമായിട്ടുള്ള കൊമേര്‍ഷ്യല്‍ ബാങ്കില്‍ എക്സാലോജിക്ക് കള്‍സള്‍ട്ടിങ്, മീഡിയാ സിറ്റി യുഎഇ എന്ന അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റ ഉടമകള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയും സുനീഷ് എം. എന്നയാളുമാണെന്നും ഷോണ്‍ ആരോപിച്ചു.

കോടാനുകോടി രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ട്. കരിമണല്‍ ഖനന കമ്പനിയുടെയും മാസപ്പടി ഇടപാടിന്റെയുമെല്ലാം പണം് ഈ അക്കൗണ്ടില്‍ വന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയില്‍ നിന്നും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സില്‍ നിന്ന് വളരെ വലിയ തുകയാണ് വീണയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്കും എസ്എഫ്‌ഐഒ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിലേക്ക് വന്ന പണത്തില്‍ നിന്ന് കൃത്യമായ മാസപ്പടി വീണ വിജയന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. വളരെ വലിയ കൊള്ളയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ഇത്തരത്തിലൊരു കൊള്ളക്കാരനെ തുടരാന്‍ സമ്മതിക്കണമോയെന്ന് കേരള സമൂഹം തീരുമാനിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണി വാങ്ങിയതിന് പോലും കമ്മിഷന്‍ വാങ്ങിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പരിഹസിച്ചു.

ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ രേഖകള്‍ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനികളില്‍ നിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങള്‍ പറയുന്നത്.

ഇതിനു പുറമെയാണ് അധികം കേട്ടിട്ടില്ലാത്ത മറ്റു കമ്പനികളില്‍ നിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അത് മറ്റ് വിദേശ അക്കൗണ്ടുകളിലേക്ക് പോയതും. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതിയിലുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് കര്‍ക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.