ദുരിത പെയ്ത്ത്! സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കൊച്ചിയില്‍ കനത്ത വെള്ളക്കെട്ട്

ദുരിത പെയ്ത്ത്! സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കൊച്ചിയില്‍ കനത്ത വെള്ളക്കെട്ട്

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും അതിശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.

കൊച്ചിയില്‍ കനത്ത വെള്ളക്കെട്ടാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. കാക്കനാട് എംഎ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് സന്ദര്‍ശിച്ചു. കീരേലിമല നിവാസികളാണ് ക്യാമ്പിലുള്ളത്.

കളമശേരി കാക്കാനാട്, തൃക്കാക്കര മേഖലയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. വെള്ളം കയറിയ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളയിലും ക്യാമ്പുകള്‍ തുറന്നു. ഓച്ചിറ വല്യകുളങ്ങര എല്‍പിഎസില്‍ എട്ട് കുടുംബങ്ങളിലെ 22 പേരാണ് ക്യാമ്പിലുള്ളത്. കെ.എസ് പുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നാല് കുംടുംബങ്ങളിലെ എഴു പേരാണ് ഉളളത്. ക്ലാപന സര്‍ക്കാര്‍ എല്‍.പി.എസ് വരവിളയില്‍ 13 കുടുംബങ്ങളിലെ 19 അംഗങ്ങളും ഉണ്ട്. ആലപ്പുഴയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നതോടെ ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം പതിനേഴായി. കോട്ടയത്ത് 17 കാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 55 സെന്റിമീറ്ററിനും 70 സെന്റിമീറ്ററിനും ഇടയില്‍ മാറി വരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.