'അതിജീവിതകള്‍ക്ക് ഒപ്പമെന്ന സന്ദേശം: പ്രജ്ജ്വലിനെ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് സംഘം

'അതിജീവിതകള്‍ക്ക് ഒപ്പമെന്ന സന്ദേശം:  പ്രജ്ജ്വലിനെ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് സംഘം

ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍പ്പെട്ട ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്ജ്വല്‍ രേവണ്ണയെ ഇന്ന് പുലര്‍ച്ചേ ബംഗളുരു വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത് വനിതാ പൊലീസുകാര്‍. അറസ്റ്റിലായ പ്രജ്ജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് ജനങ്ങള്‍ക്കുമുന്നിലൂടെ കൊണ്ടു പോയതും വനിതാ പോലീസുകാരായിരുന്നു.

അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം എന്ന വ്യക്തമായ സന്ദേശമാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്. ഒരു എസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് രേവണ്ണയെ വെള്ളിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്.

ജര്‍മനിയില്‍ നിന്ന് വെളളിയാഴ്ച പുലര്‍ച്ചെ 12.50 ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രജ്ജ്വലിന്റെ വരവ് പ്രതീക്ഷിച്ച് അന്വേഷണ സംഘം വിമാനത്താവളത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഏപ്രില്‍ 27 ന് രാജ്യം വിട്ട പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്.

ഇന്ന് പുലര്‍ച്ചെ 1.10 ഓടെ വനിതാ എസ്ഐടി ഉദ്യോഗസ്ഥരുടെ സംഘം പോലീസ് ജീപ്പില്‍ പാലസ് റോഡിലെ സിഐഡിയിലുള്ള എസ്ഐടി ഓഫീസിലേക്ക് രേവണ്ണയെ കൊണ്ടു വന്നു. തുടര്‍ന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ പരിശോധന നടത്തിയത്. ഇന്നു തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ രേവണ്ണയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.