ന്യൂഡല്‍ഹി: നീറ്റ് യു.ജി മെഡിക്കല്‍ പ്രവേശന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പരീക്ഷകളിലെ ക്രമക്കേടുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് പ്രിയങ്ക പറഞ്ഞു.
ലക്ഷക്കണക്കിന് കുട്ടികളാണ് നീറ്റ് പോലുള്ള പരീക്ഷകള്‍ക്ക് കഠിനമായി തയാറെടുക്കുകയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍ അതിനായി ചെലവവിക്കുകയും ചെയ്യുന്നത്. മുഴുവന്‍ കുടുംബവും ഈ പരിശ്രമത്തില്‍ വിശ്വാസവും ശക്തിയും അര്‍പ്പിക്കുന്നു. എന്നാല്‍ വര്‍ഷം തോറും പരീക്ഷകളില്‍ പേപ്പര്‍ ചോര്‍ച്ചയും, ഫലവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
പരീക്ഷ നടത്തുന്ന ഏജന്‍സികളുടെ ഉത്തരവാദിത്തത്തെ കുറിച്ചും സര്‍ക്കാര്‍ അശ്രദ്ധമായ മനോഭാവം ഉപേക്ഷിച്ച് പരീക്ഷ സമ്പ്രദായത്തില്‍ ഗൗരവമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേയെന്നും പ്രിയങ്ക ചോദിച്ചു. യുവ സുഹൃത്തുക്കളുടെ സ്വപ്നങ്ങള്‍ ഇങ്ങനെ തകരുന്നത് കാണാന്‍ കഴിയില്ല. അവരുടെ കഠിനാധ്വാനത്തോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനം തന്നെ നീറ്റ് ഫലം പുറത്തുവിട്ടത് അടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു. 67 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ ഒന്നാം റാങ്ക്. ഇതില്‍ ആറ് പേര്‍ ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷ എഴുതിയവരാണ്. കൂടാതെ നാലുമാര്‍ക്ക് വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായാല്‍ ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റിവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. ചരിത്രത്തിലാദ്യമായി 719, 718 മാര്‍ക്ക് ലഭിച്ചതും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യ പേപ്പര്‍ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോര്‍ന്നതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.