വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ഇന്ന് രാവിലെ ഗന്നാവരം കെസറാപ്പള്ളി ഐ.ടി പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ എസ്. അബ്‌ദുൾ നസീർ സത്യവാചകം ചൊല്ലികൊടുത്തു. ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, ജെ.പി. നദ്ദ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേൽ, ചിരാഗ് പാസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ജനസേന പാർട്ടി അധ്യക്ഷനും നടനുമായ പവൻ കല്യാൺ സംസ്ഥാന ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ചന്ദ്രബാബു നായിഡുവിൻ്റെ മകൻ നര ലോകേഷ്, കിഞ്ചാരപ്പു അഛനായിഡു, നഡേദ മനോഹർ, പൊൻഗുരു നാരായണ തുടങ്ങിയവരും കാബിനറ്റ് പദവിയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കെസറാപ്പള്ളി ഐടി പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾക്ക് പുറമേ തെലുഗു, തമിഴ് സിനിമാരംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. പവൻ കല്യാണിൻ്റെ സഹോദരനായ നടൻ ചിരഞ്ജീവി, തമിഴ് സൂപ്പർ താരം രജനീകാന്ത് തുടങ്ങിയവർ ചടങ്ങിനെത്തി. 24 അംഗ മന്ത്രിസഭയാണ് ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ അധികാരത്തിലേറുന്നത്. ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 175-ൽ 164 സീറ്റുകൾ നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.