കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പാര്‍ട്ടി ചുമതലകളിലേക്ക് കൊണ്ടുവന്നത് താന്‍ ആയിരുന്നു എന്നും സുരേന്ദ്രന് ഗുരുത്വം വേണമെന്നും മുന്‍ പ്രസിഡന്റ് പി.പി മുകുന്ദന്‍. ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് പി.പി മുകുന്ദന്‍ എന്നും താന്‍ വരുന്നതിന് എത്രയോ മുമ്പ് പാര്‍ട്ടി വിട്ടുപോയ ആളാണെന്നുമുളള കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വിനാശകാലേ വിപരീത' ബുദ്ധി എന്ന് പ്രതികരിച്ച മുകുന്ദന്‍ ഒറ്റയാള്‍ നേതൃത്വം കൊണ്ട് പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ഉണ്ടാവില്ലന്നും മുന്‍കാല നേതാക്കളുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂവെന്നും അഭിപ്രായപ്പെട്ടു. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല.
മൂക്കാതെ പഴുത്ത ആളാണ് ശോഭ എന്നതാണ് ശോഭ സുരേന്ദ്രനെക്കുറിച്ച് പി.പി മുകുന്ദന്‍ ഉന്നയിച്ച ആക്ഷേപം. ശോഭ സുരേന്ദ്രനോട് ഇനിയുള്ള ആറ് മാസം നിശബ്ദയായിരിക്കാന്‍ താന്‍ ആവശ്യപ്പെടിട്ടുണ്ട് എന്നും പിപി മുകുന്ദന്‍ വ്യക്തമാക്കുന്നു. ശോഭയുടെ കാര്യത്തില്‍ ആശാരിയുടെ ഉളിയും മരത്തിന്റെ വളവും പ്രശ്‌നമാണ്. പാര്‍ട്ടിയുടെ ഭാഗത്തും ശോഭ സുരേന്ദ്രന്റെ ഭാഗത്തും പിഴവുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ബിജെപി ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടു പോലും ഇല്ല. മറ്റ് മുന്നണികള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇനി 100 ദിവസം പോലും ബാക്കിയില്ല. ഇനിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കഷ്ടമാകും ബിജെപിയുടെ സ്ഥിതി എന്നും മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി.
തന്നെ വീണ്ടും പാര്‍ട്ടിയിലേക്ക് എടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയ്ക്ക് തന്നെ ആവശ്യമുണ്ട് എന്ന് തോന്നിയാല്‍ വിളിക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.