ഇ.വി.എം ഹാക്ക് ചെയ്യപ്പെടാമെന്ന് ഇലോണ്‍ മസ്‌ക്ക്; ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഇ.വി.എം ഹാക്ക് ചെയ്യപ്പെടാമെന്ന് ഇലോണ്‍ മസ്‌ക്ക്; ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം) ഹാക്ക് ചെയ്യപ്പെടാമെന്ന ഇലോണ്‍ മസ്‌ക്കിന്റെ പ്രസ്താവന ആയുധമാക്കി രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയാത്ത ബ്ലാക്ക് ബോക്‌സുകളാണെന്ന് അദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്രയിലെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് 48 വോട്ടുകള്‍ക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സര്‍വീസ് വോട്ടുകള്‍ ചെയ്യുന്ന ഇ.വി.എം തുറക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഷിന്‍ഡെ വിഭാഗം നേതാവിന്റെ ബന്ധു ഉപയോഗിച്ചിരുന്നുവെന്ന പൊലീസ് കണ്ടെത്തലിന്റെ റിപ്പോര്‍ട്ടാണ് രാഹുല്‍ ഇതോടൊപ്പം പങ്കുവെച്ചത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്നാണ് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടത്. എഐയോ മനുഷ്യരോ വഴി വോട്ടിങ് യന്ത്രം ഹാക്ക് ചെയപ്പെടാനുള്ള സാധ്യതയുണ്ടെന്നും മസ്‌ക് എക്‌സില്‍ സൂചിപ്പിച്ചു.

പ്യൂര്‍ട്ടോ റിക്കോയില്‍ പ്രൈമറി തിരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷ്യര്‍ക്കോ നിര്‍മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും അവ ഉപേക്ഷിക്കണമെന്നും സ്‌പെയ്‌സ് എക്‌സ് മേധാവിയായ ഇലോണ്‍ മസ്‌ക് പറഞ്ഞു

മസ്‌ക്കിന്റെ പ്രസ്താവന തെറ്റെന്ന് മുന്‍ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ്‌വെയര്‍ ആര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ലെന്ന ധാരണ തെറ്റാണ്. മസ്‌ക്കിന്റെ വാദം ഇന്റര്‍നെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്റര്‍നെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.