റോം: ഇറ്റാലിയന്‍ തീരത്തിന് സമീപം നടന്ന രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ കാണാതായി. കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തില്‍പെട്ടത്. ലിബിയയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും പുറപ്പെട്ട കുടിയേറ്റക്കാരാണ് ബോട്ടുകളിലുണ്ടായിരുന്നതെന്ന് യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു.
ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയില്‍നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട തടിബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഈ ബോട്ടില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തക സംഘമായ റെസ്‌ക്യൂ ഷിപ്പ് അറിയിച്ചു. 51 പേരെ ബോട്ടില്‍നിന്ന് രക്ഷപ്പെടുത്തിയതായും ഇവര്‍ എക്‌സില്‍ കുറിച്ചു.
സിറിയ, ഈജിപ്റ്റ്, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പെട്ടതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും (ഐഒഎം) യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫ് എന്നിവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അതേ ദിവസം നടന്ന മറ്റൊരു അപകടത്തില്‍, 60-ലധികം ആളുകളെ കാണാതായി. അവരില്‍ 26 പേര്‍ കുട്ടികളാണെന്ന് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (എംഎസ്എഫ്) അറിയിച്ചു.
തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയന്‍ തീരത്തുനിന്ന് 100 മൈല്‍ അകലെയായിരുന്നു ഈ അപകടം. 12 പേരെ അതുവഴി പോയ ചരക്കുകപ്പലില്‍ രക്ഷിച്ച് തുറമുഖത്തെത്തിച്ചു. ഇവരില്‍ അവശനിലയിലായിരുന്ന ഒരു സ്ത്രീ പിന്നീട് മരിച്ചു. ഇത് തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട ബോട്ടായിരുന്നുവെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതയാണ് മെഡിറ്ററേനിയന്‍ കടലിടുക്കുകള്‍. യുഎന്‍ കണക്കുകള്‍ പ്രകാരം 2014 മുതല്‍ 23,500-ലധികം കുടിയേറ്റക്കാര്‍ വെള്ളത്തില്‍ വീണ് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.