വന്യമൃഗ ശല്യം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കും; വനം വകുപ്പിനെതിരെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

വന്യമൃഗ ശല്യം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കും; വനം വകുപ്പിനെതിരെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: വന്യമൃഗ ശല്യം പരിഹരിക്കാത്ത വനം വകുപ്പ് അധികൃതരെ വിമര്‍ശിച്ച് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയിലെ വന്യമൃഗ ശല്യം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദേഹം വനം മന്ത്രിയോട് പരാതി പറഞ്ഞതെല്ലാം ചെന്നെത്തിയത് ബധിര കര്‍ണങ്ങളിലാണെന്നും കുറ്റപ്പെടുത്തി. കാട്ടാന ശല്യം രൂക്ഷമായ ഇരിട്ടിയിലെ പാലത്തുംകടവ് പ്രദേശം ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളാണ് ഇരിട്ടിക്ക് സമീപമുള്ള പാലത്തുംകടവ്, കച്ചേരിക്കടവ്, മുടിക്കയം എന്നിവ. രണ്ടാഴ്ച മുമ്പ് കച്ചേരിക്കടവിലിറങ്ങിയ കാട്ടാനക്കൂട്ടം ഇപ്പോഴും കാട് കയറിയിട്ടില്ല.

നിരവധി കര്‍ഷകരുടെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതിന് പിന്നാലെയാണ് തലശേരി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. പകല്‍ സമയത്ത് പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

ആറളം ഫാമില്‍ നിന്ന് തുരത്തുന്ന കാട്ടാനകളും കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ നിന്ന് എത്തുന്ന ആനകളുമാണ് നാട്ടുകാര്‍ക്ക് ആശങ്കയാകുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഉണ്ടാക്കിയ ഫെന്‍സിങ് തകര്‍ന്നു.

നന്നാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.