ചെത്തുകാരന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം: താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ കരുനീക്കങ്ങളെന്ന് കെ.സുധാകരന്‍

ചെത്തുകാരന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം:  താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍  കരുനീക്കങ്ങളെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കെ.സുധാകരന്‍ എംപി നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു.

താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ ചിലര്‍ നടത്തുന്ന കരുനീക്കങ്ങള്‍ തന്റെ പ്രസംഗം വിവാദമാക്കിയതിന് പിന്നിലുണ്ടെന്ന് സുധാകരന്‍ ആരോപിച്ചു. മുമ്പും തന്നെ പ്രതിരോധിക്കാന്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതറിയാം. പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരേയുള്ള ചെത്ത് തൊഴിലാളി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. 'അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ. അതിന്റെ തെറ്റും ശരിയും ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല'-  സുധാകരന്‍ വ്യക്തമാക്കി.

എന്നാല്‍ മുന്‍ നിലപാട് മാറ്റി എന്ന കാരണത്താല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരാമര്‍ശത്തിന്റെ പേരില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷാനിമോള്‍ ഉസ്മാനെയും സുധാകരന്‍ തുറന്ന് വിമര്‍ശിച്ചു. തലേ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ പ്രസംഗത്തില്‍ തെറ്റൊന്നുമില്ലെന്നു പറഞ്ഞ ചെന്നിത്തലയുടെ നിലപാട് മാറ്റം ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണന്നും സുധാകരന്‍ പറഞ്ഞു.

തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോ എന്ന് ചോദിച്ച സുധാകരന്‍ ആര്‍ക്കും വേണ്ടി തന്റെ ശൈലി മാറ്റില്ലന്നും പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദ പരാമര്‍ശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി. ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.

അതിനിടെ രാഹുല്‍ ഗാന്ധി എംപി കെ.സുധാകരനെ ഫോണില്‍ വിളിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.