'ഹൃദയം പണയം വെക്കരുത്': ജെസ്‌നയുടെ പേരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ക്കായി ബിജെപി

 'ഹൃദയം പണയം വെക്കരുത്': ജെസ്‌നയുടെ പേരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ക്കായി ബിജെപി

കൊച്ചി: കേരളം ഏറെ ചര്‍ച്ച ചെയ്ത ജെസ്‌നയുടെ തിരോധാനത്തിന്റെ പേരില്‍ ക്രൈസ്തവ വോട്ടുകള്‍ സ്വാധീനിക്കാന്‍ ബിജെപി ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി ഇതിനായി ലൗ ജിഹാദ് പ്രചരണ വിഷയമാക്കി ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് പുതിയ ക്യാംപയിന്‍ തുടങ്ങുന്നു.

'ഹൃദയം പണയം വെക്കരുത്' എന്ന പേരിലാണ് പുതിയ പ്രചാരണ പരിപാടി. ന്യൂനപക്ഷ മോര്‍ച്ചയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജെയിംസ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ബിജെപിയുടെ നീക്കം.

ഇതര മതസ്ഥരായ യുവതികളെ പ്രണയം നടിച്ച് മുസ്ലീം വിഭാഗത്തിലേയ്ക്ക് മതം മാറ്റാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നും ഇത് ലൗ ജിഹാദ് തന്നെയാണ് എന്നുമാണ് ബിജെപി വാദിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ വലിയ ഗുണം ചെയ്‌തേക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മുമ്പ് സീറോ മലബാര്‍ സഭ തന്നെ ലൗ ജിഹാദിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ക്യാംപയിന്‍ ക്ലിക്കാകുമെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്.

ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും പൊതുപരിപാടികളുണ്ടാകും. പ്രണയദിനമായ ഫെബ്രുവരി 14ന് എറണാകുളത്ത് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര നേതാക്കളടക്കം പങ്കെടുക്കും. ബിജെപിയുടെ ഭാഗമല്ലാത്ത ക്രിസ്ത്യന്‍ നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ബോധവത്കരണം മാത്രമാണ് ലക്ഷ്യമെന്നും ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നുമാണ് ന്യൂനപക്ഷ മോര്‍ച്ച വ്യക്തമാക്കുന്നത്.

ഇടതു വലതു മുന്നണികള്‍ പ്രണയ ഭീകരര്‍ക്ക് പരവതാനി വിരിക്കുകയാണന്നും ഭീകരതയുടെ പിടിയിലാകാതിരിക്കാന്‍ യുവനങ്ങളെ ബോധവത്കരിക്കാനാണ് പദ്ധതിയെന്നും ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞു. ജെസ്‌ന കേസില്‍ കേന്ദ്ര അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം പ്രണയവിവാഹത്തിനു ശേഷം അപ്രത്യക്ഷരായ യുവതികളെപ്പറ്റി ചെറിയ പുസ്തകം പുറത്തിറക്കാനും ന്യൂനപക്ഷ മോര്‍ച്ച ലക്ഷ്യമിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.