'നവകേരള സദസിലെ പരാമര്‍ശം തോല്‍വിക്ക് കാരണമായി'; മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് തോമസ് ചാഴികാടന്‍

'നവകേരള സദസിലെ പരാമര്‍ശം തോല്‍വിക്ക് കാരണമായി'; മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് തോമസ് ചാഴികാടന്‍

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ തോമസ് ചാഴികാടന്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു തോമസ് ചാഴികാടന്റെ ആരോപണം.
നവകേരളസദസിലെ തനിക്കെതിരായ വിമര്‍ശനം തോല്‍വിക്ക് ആക്കംകൂട്ടിയെന്നും അദേഹം പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തോമസ് ചാഴികാടന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വി.എന്‍ വാസവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും ഇത്തവണ കിട്ടിയില്ലെന്നും ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയ്ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ എം.പിയായ തോമസ് ചാഴികാടനെ വേദിയിലിരുത്തി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തൊട്ടുമുമ്പ് പ്രസംഗിച്ച ചാഴികാടന്‍ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.