സിഡ്നി: ന്യൂ സൗത്ത് വെയില്‍സില്‍ ദയാവധം അനുവദിക്കുന്ന നിയമം നിലവില്‍ വന്ന ശേഷം മൂന്ന് മാസത്തിനുള്ളില്‍ സ്വയം മരണം തെരഞ്ഞെടുത്തത് നൂറിലേറെ പേര്‍. ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി എബിസി ന്യൂസാണ് ദയാവധവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. കത്തോലിക്ക സഭയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദയാവധം നിയമവിധേയമാക്കിയത്. 113 പേരാണ് നിയമപിന്തുണയോടെയുള്ള മരണം സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കാത്ത രോഗം ബാധിച്ചവരെ സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. അതേസമയം, പ്രായമായവരെ സമൂഹത്തിന് ആവശ്യമില്ലെന്ന സന്ദേശമാണ് ദയാവധം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഭാ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചാണ് വോളണ്ടറി അസിസ്റ്റഡ് ഡൈയിങ് ബില്‍ പാസായത്.
കഴിഞ്ഞ നവംബര്‍ 28 നും ഈ വര്‍ഷം ഫെബ്രുവരി 29 നും ഇടയില്‍ 517 പേരാണ് സ്വമേധയാ മരണത്തിനായി അപേക്ഷിച്ചത്. ഇതില്‍ 408 രോഗികളുടെ അപേക്ഷ പ്രാഥമിക വിലയിരുത്തലിനായി അംഗീകരിച്ചിട്ടുണ്ട്. 408 പേരില്‍ 90 ശതമാനവും 60 വയസിനു മുകളിലുള്ളവരാണ്.
അവസാന ഘട്ട വിലയിരുത്തലിലേക്ക് 246 രോഗികളുടെ അപേക്ഷകള്‍ അംഗീകരിച്ചതായും എ.ബി.സി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ 175 പേര്‍ കാന്‍സര്‍ ബാധിതരാണ്. ദയാവധം നടപ്പാക്കാന്‍ സംസ്ഥാനത്ത് 250 അംഗീകൃത പ്രാക്ടീഷണര്‍മാര്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദയാവധ നിയമപ്രകാരം, മാരകരോഗിയായ ഒരാള്‍ക്ക് വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തിനായി അഭ്യര്‍ത്ഥന നടത്താം. തുടര്‍ന്ന് ആ അഭ്യര്‍ത്ഥന നടപ്പാക്കുന്നതിനു മുമ്പായി വോളണ്ടറി അസിസ്റ്റഡ് ഡൈയിങ് ബോര്‍ഡിന് കൈമാറും. അവരുടെ തീരുമാസരിച്ചാവും അഭ്യര്‍ത്ഥന നടപ്പാക്കുക. 18 വയസിന് മുകളിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കു മാത്രമേ ഈ നിയമം ബാധകമാകൂ. രോഗിക്ക് തീരുമാനമെടുക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയും സ്വമേധയാ അഭ്യര്‍ത്ഥന നടത്തുകയും വേണം. കുടുംബാംഗമോ പരിചരിക്കുന്നയാളോ ദയാവധത്തിനായി അഭ്യര്‍ത്ഥിക്കുന്നത് നിയമപരമല്ല.
ദുര്‍ബലരായ ആളുകളുടെ ജീവന് ഒരു വിലയുമില്ലെന്നും ജീവിക്കുന്നതിനേക്കാള്‍ അവര്‍ മരിക്കുന്നതാണ് നല്ലതെന്നുമുള്ള സന്ദേശം നല്‍കുന്ന നിയമത്തിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മരണാസന്നരായ രോഗികള്‍ക്ക് പാലിയേറ്റീവ് കെയറിലൂടെ സാന്ത്വനം ഉറപ്പാക്കുകയാണു വേണ്ടതെന്നും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.