ന്യൂയോര്‍ക്ക്: ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്ക സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി എമി മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ കോട്ട കാത്തു. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന വിജയം സ്വന്തമാക്കി അവസാന നാലിലേക്ക് മുന്നേറിയത്.
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഇക്വഡോറിനായി കെവിന്‍ റോഡ്രിഗസുമാണ് ഗോളുകള്‍ നേടിയത്. അവസാന ഘട്ടത്തില്‍ സമനില പിടിച്ച് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടാന്‍ ഇക്വഡോറിന് സാധിച്ചു. ആദ്യ കിക്ക് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി നഷ്ടപ്പെടുത്തിയതും അവിശ്വസനീയമായി. എന്നാല്‍ ഇക്വഡോറിന്റെ ആദ്യ രണ്ട് കിക്കുകളും തടുത്ത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ രക്ഷകനായി.
ഷൂട്ടൗട്ടില്‍ മെസിക്ക് മാത്രമേ പിഴച്ചുള്ളു. പിന്നീട് കിക്കെടുത്ത ജൂലിയന്‍ അല്‍വാരസ്, അലക്സിസ് മാക്ക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഒഡാമെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടതോടെ സെമി ഉറപ്പാക്കുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്തത് അര്‍ജന്റീനയാണ്. ക്യാപ്റ്റന്‍ ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഇക്വഡോറിനായി ആദ്യ കിക്കെടുത്ത എയ്ഞ്ചല്‍ മെനയുടെ ഷോട്ട് മാര്‍ട്ടിനെസ് തടുത്തു. അര്‍ജന്റീനയ്ക്കായി രണ്ടാം കിക്കെടുത്ത ജൂലിയന്‍ അല്‍വാരസ് ഷോട്ട് വലയിലാക്കി. എന്നാല്‍ ഇക്വഡോറിന്റെ രണ്ടാം കിക്കെടുത്ത അലന്‍ മിന്‍ഡയ്ക്കും പിഴച്ചു. താരത്തിന്റെ ഷോട്ടും മാര്‍ട്ടിനെസ് നിഷ്ഫലമാക്കി.
അര്‍ജന്റീനയ്ക്കായി മൂന്നാം കിക്കെടുത്ത അലക്സിസ് മാക്ക് അലിസ്റ്ററും ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ജോണ്‍ യോബയും ലക്ഷ്യം കണ്ടു. അര്‍ജന്റീനയ്ക്കായി ഗോണ്‍സാലോ മോണ്ടിയലും പിന്നീടു വന്ന നിക്കോളാസ് ഒഡാമെന്‍ഡിയും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന സെമിയിലേക്ക് മുന്നേറി. ഇക്വഡോറിനായി ജോര്‍ഡി കെയ്സെഡോയും വല ചലിപ്പിച്ചെങ്കിലും ആദ്യ രണ്ട് കിക്കുകള്‍ നഷ്ടമായത് തിരിച്ചടിയായി.
കളിയുടെ 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീനയ്ക്കായി വല ചലിപ്പിച്ചത്. അലക്സിസ് മാക് അലിസ്റ്റിന്റെ അസിസ്റ്റിലാണ് ലിസാന്‍ഡ്രോ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല. അര്‍ജന്റീന വിജയമുറപ്പിച്ചു നില്‍ക്കെ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടിയാണ് മത്സരം നീട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.