ജയിൽ ഭീകരത; എൽ സാൽവഡോറിൽ മരിച്ചത് 261 തടവുകാർ; മരണത്തിന് കാരണം ക്രൂര മർദനമെന്ന് മനുഷ്യാവകാശ സംഘടന

 ജയിൽ ഭീകരത; എൽ സാൽവഡോറിൽ മരിച്ചത് 261 തടവുകാർ; മരണത്തിന് കാരണം ക്രൂര മർദനമെന്ന് മനുഷ്യാവകാശ സംഘടന

സാൽവഡോർ: മധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവഡോറില്‍ അടുത്ത കാലത്തായി കുറ്റവാളികളുടെ സംഖ്യയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ശക്തമായ മയക്കുമരുന്ന് കള്ളക്കടത്ത് ലോബികളുടെ പ്രവര്‍ത്തനമാണ് കുറ്റവാളികളുടെ വര്‍ധനവിന് കാരണം. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് എല്‍ സാല്‍വഡോര്‍. പ്രസിഡന്‍റ് നയിബ് ബുകെലെയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുണ്ടാ വിരുദ്ധ നടപടികൾ രാജ്യത്ത് തടവുകാരുടെ സംഖ്യയില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാക്കി.

എൽ സാൽവഡോറിലെ ജയിലുകളിൽ കുറഞ്ഞത് 261 പേരെങ്കിലും മരിച്ചതായി മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റോസൽ പറഞ്ഞു. ഒരു വ്യക്തിയുടെ രൂപത്തെയോ അവർ താമസിക്കുന്ന സ്ഥലത്തെയോ അടിസ്ഥാനമാക്കി 2022 ൽ പ്രഖ്യാപിച്ചതും ഇപ്പോഴും തുടരുന്നതുമായ അടിയന്തരാവസ്ഥയ്ക്ക് കീഴിൽ 81,110 പേരെ ബുകെലെയുടെ സർക്കാർ അറസ്റ്റ് ചെയ്തു. തെളിവുകളുടെ അഭാവത്തിൽ 7,000 പേരെ സർക്കാർ വിട്ടയച്ചു.

ഏപ്രിൽ 15 വരെ നടന്ന 261 മരണങ്ങളിൽ 88 എണ്ണം ക്രിമിനൽ പ്രവർത്തനങ്ങൾ മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആ പ്രവൃത്തികൾ എന്താണ് എന്ന് വ്യക്തമാക്കിയിട്ടില്ല. മരണങ്ങളിൽ 87 എണ്ണം അസുഖങ്ങൾ മൂലമാണെന്നും മറ്റ് 72 പേരുടെ മരണത്തിന്റെ കാരണങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു തെളിവുകളും ഇല്ലാതെയാണ് ഇവരെ കുറ്റക്കാർ ആക്കിയതെന്നും ക്രൂരമായ മർദനത്തിന്റെ ഫലമാണ് ഈ മരണങ്ങളെന്നും ക്രിസ്റ്റോസൽ ആരോപിച്ചു.

ഇവരുടെ ശരീരത്തിൽ സാരമായ മുറിവുകളുടെ പാടുകൾ ഉണ്ട്. പലർക്കും പ്രാഥമിക വൈദ്യ സഹായം പോലും നൽകിയിട്ടുമില്ല. പോഷകാഹാരക്കുറവും ഭക്ഷണം നൽകുന്നതിലെ അശ്രദ്ധയും മേൽ അധികൃതരുടെ പീഡനവുമാണ് അന്തേവാസികളുടെ അതിദാരുണമായ മരണത്തിനിടയാക്കിയതെന്നും സംഘടന ആരോപിക്കുന്നു. ജീവിക്കാനുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നാണ് റിപ്പോർട്ട്. ജയിൽ ഉദ്യോഗസ്ഥരുടെ ഇത്തരം മോശം പ്രവൃത്തികൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ക്രിസ്റ്റോസലിന്റെ ആവശ്യം.

പീഡനം, ഭക്ഷണത്തിൻ്റെ അഭാവം, അനാരോഗ്യകരമായ സാഹചര്യങ്ങൾ, മനുഷ്യത്വരഹിതമായ ശ്രദ്ധക്കുറവ്, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവ കാരണം എൽ സാൽവഡോറിലെ ജയിലുകളിൽ ആളുകൾ മരണപ്പെടുന്നതെന്ന് റിപ്പോർട്ടിന്റെ ഉടമ അഭിഭാഷക സൈറ നവാസ് പറഞ്ഞു.

അതേ സമയം റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ സർക്കാർ തയ്യാറായില്ല. എക്കാലത്തെയും ഭീകരമായ ജയിൽ എന്നാണ് എൽ സാൽവഡോർ ജയിലിനെ വിശേഷിപ്പിക്കാറുള്ളത്. തടവുകാരെ കന്നുകാലികളെ പോലെ തല കുനിച്ച് നിർത്തി നഗ്നമാക്കി സോമ്പികളെപ്പോലെ നടത്തിക്കും. കൂടാതെ കുറ്റവാളികളുടെ കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിക്കും. അവരുടെ ശരീരത്തിൽ ടാറ്റുകൾ പതിപ്പിക്കും. ഒറ്റനോട്ടത്തിൽ എല്ലാവരും ഒരുപോലെ കാണപ്പെടും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.