ട്രംപിനു നേരെയുണ്ടായ വധശ്രമം 'പ്രാദേശിക തീവ്രവാദം'; പിന്നില്‍ മറ്റാരുമില്ലെന്ന നിഗമനത്തില്‍ എഫ്.ബി.ഐ

ട്രംപിനു നേരെയുണ്ടായ വധശ്രമം 'പ്രാദേശിക തീവ്രവാദം'; പിന്നില്‍ മറ്റാരുമില്ലെന്ന നിഗമനത്തില്‍ എഫ്.ബി.ഐ

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ വധശ്രമം 'പ്രാദേശിക തീവ്രവാദം' ആയി കണക്കാക്കിയാണ് അന്വേഷിക്കുന്നതെന്ന് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ). 20കാരനായ അക്രമി ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും ഇയാള്‍ക്കു പിന്നില്‍ മറ്റാരുമില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എഫ്ബിഐയുടെ നാഷണല്‍ സെക്യൂരിറ്റി ബ്രാഞ്ച് എക്സിക്യൂട്ടീവ് അസി. ഡയറക്ടര്‍ റോബര്‍ട്ട് വെല്‍സ് പറഞ്ഞു.

തീവ്രവാദ വിരുദ്ധ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമി മരിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ പറഞ്ഞു. നിലവില്‍ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ പരിമിതികളുണ്ടെന്നും റേ പറഞ്ഞു. ക്രൂക്സിന് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ആക്രമണത്തിനു മുന്‍പ് ഇയാള്‍ സമൂഹ മാധ്യമത്തില്‍ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകളോ കുറിപ്പുകളോ പങ്കുവച്ചിരുന്നോ എന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

അടുത്തിടെയാണ് ക്രൂക്‌സ് എന്‍ജിനിയറിംഗ് സയന്‍സില്‍ അസോസിയേറ്റ് ബിരുദം നേടിയത്. ഈ സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അതീവ ദു:ഖമുണ്ടെന്നും കോളജ് അധികൃതര്‍ പ്രതികരിച്ചു.

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു സംഭവം. 150 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന് മുകളില്‍നിന്നാണ് ആക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്. ചെവിക്ക് പരിക്കേറ്റ് ചോരയൊലിക്കുന്ന മുഖവുമായി അണികളെ അഭിവാദ്യം ചെയ്താണ് ട്രംപ് വേദി വിട്ടത്.

അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരുടെയും നിലവിലെ പ്രസിഡന്റിന്റെയും സംരക്ഷണ ചുമതലയുള്ള സീക്രട്ട് സര്‍വീസ് സംഭവത്തില്‍ വിശദീകരണം നല്‍കേണ്ടി വരും. 1981 മാര്‍ച്ച് 30ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനു നേരെ വധശ്രമമുണ്ടായ ശേഷം ഇത്തരത്തിലൊരു സംഭവം ആദ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.