ന്യൂഡല്‍ഹി: അവികസിത രാജ്യങ്ങളായ പാകിസ്ഥാന്‍, നൈജീരിയ എന്നിവയെക്കാള്‍ താഴെയാണ് ഇന്ത്യയിലെ പ്രതിമാസ വേതനമെന്ന് ആഗോള റിപ്പോര്‍ട്ട്. വെലോസിറ്റി ഗ്ലോബല്‍ 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിച്ച് ബിജെപി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു.
ലോകത്ത് വേതനം കുറവുള്ള പത്ത് രാജ്യങ്ങളുടെ പട്ടിക പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. പട്ടികയില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഇന്ത്യയില്‍ കുറഞ്ഞ പ്രതിമാസ വേതനം 45 ഡോളറാണ്. അതായത് ഏകദേശം 3760.61 രൂപ.
അതേസമയം നൈജീരിയയില്‍ 76 ഡോളറും (6351.25 രൂപ) പാകിസ്ഥാനില്‍ 114 ഡോളറും (9526.88 രൂപ) ആണ്. 28 ഡോളര്‍ പ്രതിമാസ വേതനമുള്ള ശ്രീലങ്കയും കിര്‍ഗിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിന്നില്‍ പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.
ഇന്ത്യയിലെ വേതനം പാകിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണെന്നും ഇത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ വളരെ താഴ്ന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുന്നതാണെന്നും പവന്‍ ഖേര പറഞ്ഞു. ജി.ഡി.പി വളര്‍ച്ചയുടെ പേര് പറഞ്ഞ് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വില്‍ക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്ന് പവന്‍ ഖേര വ്യക്തമാക്കി.
രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനെതിരെയും കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നുണ്ട്. നോട്ട് നിരോധനം, തിടുക്കപ്പെട്ട് നടപ്പാക്കിയ ജി.എസ്.ടി, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ വര്‍ധനവ് എന്നിവയിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്ത് തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇത്തരം നടപടികള്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങളെ തകര്‍ത്തായി അദേഹം പറഞ്ഞു. രാജ്യത്തെ യുവ ജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.2 കോടി ജോലികള്‍ സൃഷ്ടിക്കണമെന്ന റിപ്പോര്‍ട്ടും അദേഹം പങ്കുവെച്ചു.
ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ സര്‍ക്കാറിന് കീഴില്‍ ജി.ഡി.പിയുടെ ഏഴ് ശതമാനം വളര്‍ച്ച പോലും യുവ ജനങ്ങള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. രാജ്യം ശരാരരി 5.8 ശതമാനം ജി.ഡി.പി വളര്‍ച്ച മാത്രമാണ് നേടിയത്. മോഡി സമ്പദ് വ്യവസ്ഥയുടെ പരാജയമാണ് തൊഴിലില്ലായ്മ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും ജയറാം രമേശ് പറഞ്ഞു.
പത്ത് ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇത് നമ്മുടെ വിദ്യാ സമ്പന്നരായ യുവജനങ്ങളെ പരിഹസിക്കുക മാത്രമല്ല, സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ തൊഴില്‍ ശക്തിയുടെ 21 ശതമാനം പേര്‍ക്ക് മാത്രമാണ് ശമ്പളമുള്ള ജോലിയുള്ളത്. കോവിഡിന് മുമ്പ് ഇത് 24 ശതമാനമായിരുന്നുവെന്നും ജയറാം രമേശ് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.
ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് വര്‍ഷത്തിനിടെ അനൗപചാരിക മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായതായുള്ള റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസാണ് ഇതുസംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അനൗപചാരിക മേഖലകളായ ചെറുകിട ബിസിനസുകള്‍, മറ്റ് കച്ചവടങ്ങള്‍, വഴിവാണിഭങ്ങള്‍ എന്നിവയിലാണ് തൊഴില്‍ നഷ്ടമുണ്ടായത്.
തൊഴില്‍ നഷ്ടത്തില്‍ പശ്ചിമ ബംഗാളാണ് മുന്നില്‍. 30 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയില്‍ 13 ലക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ 12 ലക്ഷം പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 7.91 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി. ആന്ധ്ര പ്രദേശ് 6.77 ലക്ഷം, കേരളം 6.40 ലക്ഷം, അസം 4,94 ലക്ഷം, തെലങ്കാന 3.44 ലക്ഷം എന്നിങ്ങനെയും 2015-2016 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.
യുവാക്കളെ തൊഴിലില്ലാത്തവരാക്കി നിര്‍ത്തുകയെന്ന ഏക ദൗത്യമാണ് മോഡി സര്‍ക്കാരിനുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആരോപിച്ചിരുന്നു. 'തൊഴിലില്ലായ്മയെക്കുറിച്ചുള്ള സ്വതന്ത്ര സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ മോഡി സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടാകാം. എന്നാല്‍, സര്‍ക്കാര്‍ ഡാറ്റ എങ്ങനെ നിഷേധിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ത്തതിന് ഉത്തരവാദി മോഡി സര്‍ക്കാര്‍ മാത്രമാണെന്നതാണ് സത്യം'- അദേഹം എക്‌സില്‍ കുറിച്ചു.
നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ വാര്‍ഷിക സര്‍വേ പ്രകാരം നിര്‍മാണ മേഖലയില്‍ 2015 നും 2023 നും ഇടയില്‍ 54 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. പി.എല്‍.എഫ്.എസ് സര്‍വേ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം ആണ്. സര്‍ക്കാര്‍ കണക്കുകള്‍ പഠിച്ചതിന് ശേഷമുള്ള ഐ.ഐ.എം ലഖ്നൗവിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് തൊഴിലില്ലായ്മയില്‍ വര്‍ധനവുണ്ടായെന്ന് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ സിറ്റി ഗ്രൂപ്പ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന് പ്രതിവര്‍ഷം 12 ദശലക്ഷം തൊഴിലവസരങ്ങള്‍ ആവശ്യമാണ്. ഏഴ് ശതമാനം ജി.ഡി.പി വളര്‍ച്ച പോലും യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല. മോഡി സര്‍ക്കാറിന് കീഴില്‍ രാജ്യം നേടിയത് ശരാശരി 5.8 ശതമാനം ജി.ഡി.പി വളര്‍ച്ച മാത്രമാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.