'മാലിന്യം വലിച്ചെറിയുന്നത് ആളുകളെ കൊല്ലുന്ന വിനോദം; ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണം': ഹൈക്കോടതി

'മാലിന്യം വലിച്ചെറിയുന്നത് ആളുകളെ കൊല്ലുന്ന വിനോദം; ഇത്തരക്കാരെ  പ്രോസിക്യൂട്ട് ചെയ്യണം': ഹൈക്കോടതി

കൊച്ചി: പൊതു സ്ഥലങ്ങളിലെ മാലിന്യ പ്രശ്‌നത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കനാലുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്നും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളില്‍ വീണ്ടും മാലിന്യം എത്തുന്നത് തടയാന്‍ കോര്‍പ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സംഭവം കണ്ണ് തുറപ്പിക്കുന്നതാണെന്നും കൊച്ചിയിലെ മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കനാലില്‍ മാലിന്യം എറിഞ്ഞവര്‍ക്കെതിരെ ഇതുവരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ട് എന്ന് കോര്‍പ്പറേഷനോട് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകള്‍ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല.

ഒരു തവണ വൃത്തിയാക്കിയ കനാല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ഭരണ സംവിധാനങ്ങളുടെ വീഴ്ചയാണ് കാണിക്കുക. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് താഴെ ഇപ്പോള്‍ പോയി നോക്കിയാലും ടണ്‍ കണക്കിന് മാലിന്യം കാണാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.

മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജോയിയെ തോട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.